പത്തനംതിട്ട: ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി സിപിഎം. പത്തനംതിട്ടയില്‍ ടി.എം. തോമസ് ഐസക്ക് ഇന്നലെ റോഡ് ഷോ നടത്തി. കൂടാതെ ചുവരെഴുത്തുകളും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഭാവി ധനമന്ത്രിയെന്ന വിശേഷണത്തോടെയാണ് തോമസ് ഐസക്കിനെ സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. ഇതേ വാചകമെഴുതിയ ഫ്ളക്സുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതെങ്കിലും ആറ് മാസം മുമ്പേ തന്നെ ഐസക്ക് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. എൽഡിഎഫിന്‍റെ പ്രചരണ ആയുധം ഐസക്കിന്‍റെ ഗ്ലാമർ മുഖം തന്നെയാണ്.
കിഫ്ബിയിലെ ഇ.ഡി. അന്വേഷണം എതിരാളികൾ പ്രചാരണായുധമാക്കുമെന്ന് ഐസക്കിന് ഉറപ്പാണ്. കിഫ്ബിയാണ് തന്‍റെ ഹീറോ എന്ന് ആദ്യമെ മറുതന്ത്രം ഇറക്കുന്നു ഐസക്.
പത്തനംതിട്ട മണ്ഡലം രൂപീകരിച്ചത് മുതൽ ആന്‍റോ ആന്‍റണിയാണ് യുഡിഎഫ് കോട്ടയ്ക്ക് കാവൽ. സിപിഎം ജില്ലാ സെക്രട്ടറിയും കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടിയവരും എംഎൽഎയുമൊക്കെ എതിരാളികളായി വന്നെങ്കിലും ആന്‍റോയെ വീഴ്ത്താൻ കഴിഞ്ഞില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങളും കൈയ്യിലുള്ള എൽഡിഎഫ് തലയെടുപ്പുള്ള നേതാവിലൂടെ അട്ടിമറി ജയത്തിൽ കുറഞ്ഞൊന്നും ഇക്കുറി പ്രതീക്ഷിക്കുന്നില്ല. യുഡിഎഫ് പ്രഖ്യാപനത്തിന് മുൻപേ സ്ഥാനാർഥിയെ എൽഡിഎഫ് ഇറക്കി. ബിജെപിയിലെ ആശയക്കുഴപ്പവും ആദ്യ ലാപ്പിൽ തുണയാകുമെന്ന് ഐസക് ക്യാമ്പ് കണക്കുകൂട്ടുന്നു.
തോമസ് ഐസക്ക് 2001ലും 2006ലും മാരാരിക്കുളം മണ്ഡലത്തെയും 2011ലും 2016ലും ആലപ്പുഴ മണ്ഡലത്തെയും നിയമസഭയിൽ പ്രതിനിധീകരിച്ചു. 2006ൽ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിലും 2016ൽ ഒന്നാം പിണറായി സർക്കാരിലും ധനകാര്യ വകുപ്പ് മന്ത്രിയായും ഐസക്ക് പ്രവർത്തിച്ചു.