ചരിത്രം കുറിക്കാൻ എ.എൻ. ഷംസീർ: നിയമസഭ സെക്രട്ടറി പാനലില്‍ വനിതകള്‍ മാത്രം; ലക്ഷ്മി നായരെയും മന്ത്രി രാജീവിൻ്റെ ഭാര്യയെയും വെട്ടാൻ കൊല്ലത്തുനിന്ന് ജ്യോതി

തിരുവനന്തപുരം: നിയമസഭ സെക്രട്ടറിപാനലില്‍ ഇടംപിടിച്ചത് മൂന്ന് വനിതകള്‍. കേരള നിയമസഭാ ചരിത്രത്തിലാദ്യമായാണ് സെക്രട്ടറി തെരഞ്ഞെടുപ്പ് പാനലില്‍ മുഴുവനും വനിതകളാകുന്നത്. ഡോ. ലക്ഷ്മി നായർ, മന്ത്രി പി. രാജീവിന്റെ ഭാര്യ വാണി കേസരി, കൊല്ലം ലേബർ ട്രിബ്യൂണലിലെ പ്രിസൈഡിംഗ് ഓഫിസർ ജ്യോതി എന്നിവരാണ് പാനലിലുള്ളത്.

മൂന്നംഗ പാനൽ സർക്കാർ തയ്യാറാക്കി സ്പീക്കർക്ക് സമർപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിനു ശേഷം ഒരാളെ നിയമസഭ സെക്രട്ടറിയായി എ.എൻ. ഷംസീർ തെരഞ്ഞെടുക്കും. നിയമസഭ നിയമന ചട്ടം 4 പ്രകാരമാണ് നിയമസഭ സെക്രട്ടറിയുടെ നിയമനം. നിയമസഭ സെക്രട്ടറിയായ എ.എം ബഷീര്‍ തിരികെ ജുഡിഷ്യല്‍ സര്‍വീസിലേക്ക് മടങ്ങിയതോടെയാണ് നിയമസഭ സെക്രട്ടറിയുടെ ഒഴിവ് വന്നത്.

ലോ അക്കാദമിയുടെ റിസര്‍ച്ച് വിഭാഗമായ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ മേധാവിയാണ് ഡോ. ലക്ഷ്മി നായര്‍. കുസാറ്റ് നിയമ വിഭാഗം മേധാവിയാണ് മന്ത്രി പി രാജീവിന്റെ ഭാര്യ ഡോ. വാണി കേസരി. കോലിയക്കോട് കൃഷ്ണന്‍ നായരുടെ അനന്തരവനായ ഡോ. എന്‍.കെ. ജയകുമാറിനെ കേരള യൂണിവേഴ്‌സിറ്റി നിയമ വിഭാഗം മേധാവി ആയിരുന്നപ്പോള്‍ നിയമസഭ സെക്രട്ടറി ആയി നിയമിച്ചിരുന്നു. അതേ മാതൃകയിലാണ് ഇരുവരുടെയും പേരുകള്‍ പരിഗണിക്കുന്നത്. നിയമസഭ സെക്രട്ടറിയായി ഇവരെ പരിഗണിക്കുന്ന വിവരം മലയാളം മീഡിയ ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു

നിയമസഭ സെക്രട്ടറിയായി എ.എം ബഷീര്‍ തുടരാന്‍ ഷംസീര്‍ ശ്രമിച്ചിരുന്നു. കോടതികളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ ക്ഷാമം ചൂണ്ടികാട്ടി ഹൈക്കോടതി ഉറച്ച് നിന്നതോടെ ബഷീറിന് മടങ്ങേണ്ടി വന്നു. തുടര്‍ന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥനെയോ, ലോ പ്രൊഫസറയോ നിയമിക്കാനുള്ള ആലോചന ഉണ്ടായത്. പരിഗണനാപട്ടികയിലെ പ്രമുഖയായ ഡോ. ലക്ഷ്മി നായര്‍ പാചക വിദഗ്ധയും കൈരളി ചാനലിലെ അവതാരകയുമാണ്. പലതവണ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് ഇവര്‍.

അച്ഛന്‍ ഡോ. നാരായണന്‍ നായര്‍ ഡയറക്ടര്‍ ആയ ലോ അക്കാദമിയില്‍ നിന്നാണ് ലക്ഷ്മി നായര്‍ ഡോക്ടറേറ്റ് നേടിയെടുത്തത്. എല്‍എല്‍എം പഠനവും ഇവിടെ തന്നെ ആയിരുന്നു. ഗവേഷണം നടത്തുന്ന സമയത്ത് അമ്മാവന്‍ എന്‍.കെ ജയകുമാറായിരുന്നു നിയമവകുപ്പിന്റെ ഡീന്‍. ഇദ്ദേഹത്തിനെതിരെ ലക്ഷ്മിക്ക് അനകൃതമായി മാര്‍ക്ക് നല്‍കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ലക്ഷ്മി നായരുടെ ഉത്തരക്കടലാസ് മൂല്യ നിര്‍ണയം നടത്തിയത് ലോ അക്കാദമിയിലെ പിതാവിന്റെ സൃഹൃത്തുക്കളായിരുന്നു അതിനാല്‍ ഗവേഷണ പ്രബന്ധം അസാധുവാക്കണം എന്ന ആവശ്യം ഒരു സമയത്ത് ഉയര്‍ന്നിരുന്നു.

മന്ത്രി പി. രാജീവിന്റെ ഭാര്യയുടെ കുസാറ്റിലെ നിയമനവും വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു. നിയമസഭ കാര്യങ്ങളുടെ നടത്തിപ്പ് ചുമതലയാണ് നിയമസഭ സെക്രട്ടറിക്ക്. നിയമസഭ സെക്രട്ടറി ഇല്ലാത്തതിനാല്‍ നിയമസഭയിലെ സ്‌പെഷ്യല്‍ സെക്രട്ടറി ഷാജി സി. ബേബിക്കാണ് നിയമസഭ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്. പുതിയ നിയമസഭ സെക്രട്ടറിയുടെ ഉടനുണ്ടാകുമെന്നാണ് സൂചന.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments