ദസ്തർബന്ദി ചടങ്ങ് പൂർത്തിയായി ; ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി മകനെ പിൻഗാമിയായി പ്രഖ്യാപിച്ചു

ഡൽഹി : ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി ഗ്രാൻഡ് മസ്ജിദിൻ്റെ അങ്കണത്തിൽ നടന്ന ‘ദസ്തർബന്ദി’ ചടങ്ങിൽ തൻ്റെ മകനെ തൻ്റെ പിൻഗാമിയായി പ്രഖ്യാപിച്ചു. നിലവിലെ ഷാഹി ഇമാമായ സയ്യിദ് അഹമ്മദ് ബുഖാരിയുടെ മകനാണ് ഇപ്പോൾ സ്ഥാനമേറ്റ സയ്യിദ് ഷബാൻ ബുഖാരി.

ഡൽഹി ജുമാമസ്ജിദിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇമാമ് എന്ന സവിശേഷത കൂടെ ഇതോടെ സയ്യിദ് ഷബാൻ ബുഖാരിക്ക് സ്വന്തമായിരിക്കുകയാണ്. 29 കാരനായ ഷബാൻ സോഷ്യൽ വർക്കിൽ ബിരുദം നേടിയ ആളാണ് . നോയിഡയിലെ അമിറ്റി സർവകലാശാലയിലാണ് ഇദ്ദേഹം ബിരുദ പഠനം പൂർത്തിയാക്കിയത്. കൂടാതെ ഡൽഹി മദ്രസയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ രണ്ട് സർട്ടിഫിക്കറ്റ് കോഴ്‌സുകളും പൂർത്തിയാക്കിയിട്ടുണ്ട്.

മസ്ജിദിന്റെ ഷാഹി ഇമാം പദവിയാണ് അഹമ്മദ് ബുഖാരി വഹിക്കുന്നത്. മസ്ജിദിന്റെ 13ാമത് ഷാഹി ഇമാം കൂടിയാണ് ഇദ്ദേഹം. 2000, ഒക്ടോബറിലാണ് അദ്ദേഹം ഈ പദവിയിലെത്തിയത്. ചുമതലയേൽക്കാൻ ഷബാൻ പ്രാപ്തനാകുന്നത് വരെ മസ്ജിദിന്റെ പ്രധാന പുരോഹിതനായി ഇദ്ദേഹം തുടരുന്നാണ്.

മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി 1650കളിൽ പണികഴിപ്പിച്ച പള്ളിയാണ് ജുമാ മസ്ജിദ്. 1656ൽ മസ്ജിദിന്റെ ആദ്യ ഇമാമായി ഷാജഹാൻ ചക്രവർത്തി അബ്ദുൾ ഗഫൂർ ഷാ ബുഖാരിയെ നിയമിച്ചു. ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്വദേശിയായിരുന്നു ഇദ്ദേഹം. 2014 നവംബറിൽ ഷബാനെ ഡെപ്യൂട്ടി ഷാഹി ഇമാമായി നിയമിച്ചിരുന്നു. ഈ ചടങ്ങിലേക്ക് അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചത് വാർത്തയാകുകയും ചെയ്തു.

’’ രണ്ട് വർഷം മുമ്പാണ് അടുത്ത ഇമാമിനെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചത്. പേരുകൾ നിർദ്ദേശിക്കുന്നതിനും മറ്റുമായി ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ആദ്യം കുടുംബത്തിൽ ഇതേപ്പറ്റി ചർച്ച ചെയ്യുന്നു. ശേഷം മതപണ്ഡിതൻ ഇക്കാര്യത്തിൽ ഇടപെടുന്നു. തുടർന്ന് മാനേജ്‌മെന്റ് കമ്മിറ്റി പേര് ചർച്ച ചെയ്യുകയും അതിന് അംഗീകാരം നൽകുകയും ചെയ്യുന്നു. ഷബാന്റെ പേര് ആറ് മാസം മുമ്പാണ് അംഗീകരിച്ചത്. പിന്നീട് ചടങ്ങിനുള്ള തീയതി ഞങ്ങൾ തീരുമാനിക്കുകയായിരുന്നു,’’ എന്ന് അഹമ്മദ് ബുഖാരി പറഞ്ഞിരുന്നു.

നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള ഇസ്ലാമിക് പണ്ഡിതരുടെയും പുരോഹിതരുടെയും സാന്നിധ്യത്തിൽ മസ്ജിദിൽ വെച്ചായിരിക്കും ചടങ്ങ് സംഘടിപ്പിക്കുകയെന്ന് ജുമാമസ്ജിദ് അധികൃതർ അറിയിച്ചു. മതപണ്ഡിതൻമാർ മാത്രം പങ്കെടുക്കുന്ന പരിപാടിയാണ് ഞായറാഴ്ച സംഘടിപ്പിക്കുക.കൂടാതെ ഡൽഹിയിലെ സർക്കാരുദ്യോഗസ്ഥരെയും നയതന്ത്രജ്ഞരെയും ഫെബ്രുവരി 27ന് നടക്കുന്ന വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments