അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ ഒഴിവാക്കും, പഴയ സൈനിക റിക്രൂട്ട്‌മെൻറ് സംവിധാനത്തിലേക്ക് മടങ്ങും: കോൺഗ്രസ്

ന്യൂഡൽഹി : കേന്ദ്ര സർക്കാരിൻറെ “അഗ്നിപഥ്” സൈനിക റിക്രൂട്ട്‌മെൻറ് പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. “അഗ്നിപഥ്” പദ്ധതി നടപ്പാക്കി കേന്ദ്രം യുവാക്കളോട് കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. അധികാരത്തിലെത്തിയാൽ “അഗ്നിപഥ്” പദ്ധതി ഉപേക്ഷിച്ച് പഴയ സൈനിക റിക്രൂട്ട്‌മെൻറ് സംവിധാനത്തിലേക്ക് മടങ്ങിപ്പോകുമെന്നും കോൺഗ്രസ് അറിയിച്ചു.

“അഗ്നിപഥ്” പദ്ധതി നടപ്പാക്കി സായുധ സേനയിൽ ജോലി തേടുന്ന യുവാക്കളോട് കേന്ദ്രസർക്കാർ കാണിക്കുന്നത് കടുത്ത അനീതിയാണ്. ഉദ്യോഗാർഥികൾക്ക് നീതി ഉറപ്പാക്കണമെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് അയച്ച കത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.

സായുധ സേനയിലെ പതിവ് റിക്രൂട്ട്‌മെൻറ് നടപടിക്രമങ്ങൾ റദ്ദാക്കിയതിനാൽ ഏകദേശം രണ്ട് ലക്ഷത്തോളം യുവതീയുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന്, ഇന്ത്യൻ സായുധ സേനയുടെ പരമോന്നത കമാൻഡറായ രാഷ്‌ട്രപതിക്ക് അയച്ച കത്തിൽ ഖാർഗെ സൂചിപ്പിച്ചു.

എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും “അഗ്നിപഥ്” സൈനിക റിക്രൂട്ട്‌മെൻറ് പദ്ധതിക്കെതിരെ വിമർശനവുമായി രംഗത്തുവന്നു. ഇത്തരമൊരു പദ്ധതി നമ്മുടെ രാജ്യത്തിന് ആവശ്യമില്ലാത്തതാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യാഗവൺമെൻറിന് കുറച്ച് പണം ലാഭിക്കാം എന്നതല്ലാതെ ഈ പദ്ധതി വഴി ആർക്കും ഒരു പ്രയോജനവും ഉണ്ടാകില്ല. പഴയ സൈനിക റിക്രൂട്ട്‌മെൻറ് സമ്പ്രദായത്തിലേക്ക് മടങ്ങണമെന്നാണ് കോൺഗ്രസ് പാർട്ടിയുടെ അഭിപ്രായം – സച്ചിൻ പൈലറ്റ് വ്യക്തമാക്കി.

സായുധ സേനയെ നവീകരിക്കുന്നതിന് ചില മാറ്റങ്ങൾ കൊണ്ടുവരണമെങ്കിൽ നിലവിലെ സജ്ജീകരണത്തിൽ തന്നെ അത് സാധ്യമാണ്. എന്നാൽ പഴയ സംവിധാനം പൂർണമായും ഇല്ലാതാക്കുന്നത് ശരിയല്ല – അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് യുവാക്കൾക്ക് തൊഴിൽ ലഭിക്കാനുള്ള വഴികൾ അടയ്‌ക്കുകയാണ് ചെയ്യുന്നത്.

സൈന്യം എങ്ങനെ പ്രവർത്തിക്കുമെന്നതിനെക്കുറിച്ചുള്ള ഭാവി സാധ്യതകളെക്കുറിച്ച് ചിന്തിക്കാതെ അഡ്-ഹോക്ക് ഫാഷനിലാണ് ഇത് ചെയ്‌തത്. ജനങ്ങൾ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചാൽ തീർച്ചയായും പഴയ സൈനിക റിക്രൂട്ട്‌മെൻറ് സമ്പ്രദായത്തിലേക്ക് രാജ്യം മടങ്ങുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

വിഷയത്തിൽ കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡയും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. ആരാണ് ഇത്തരമൊരു പദ്ധതിക്ക് ആഹ്വാനം ചെയ്തതെന്ന് ദീപേന്ദർ ഹൂഡ ചോദിച്ചു. പദ്ധതി പിൻവലിക്കണം. പഴയ റിക്രൂട്ട്‌മെൻറ് പ്രക്രിയയിലേക്ക് മടങ്ങണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും ഹൂഡ പറഞ്ഞു.

പതിനേഴര വയസ്സുള്ള​ കുട്ടികളെ നാല് വർഷക്കാലത്തേക്ക് ഹ്രസ്വകാല സൈനിക സേവനത്തിൻറെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർ ‘അഗ്നിവീർ’ എന്നാണ് അറിയപ്പെടുക. ആദ്യ വർഷം 30,000 രൂപയും രണ്ടാമത്തെ വർഷം 33,000 രൂപയും മൂന്നാമത്തെ വർഷം 36,500 രൂപയും നാലാമത്തെ വർഷം 40,000 രൂപയുമാണ് ശമ്പളം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments