കോഴിക്കോട് : കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി സത്യനാഥിന്റെ കൊലപാതകത്തിന് കാരണക്കാർ ആർ.എസ്.എസാണെന്നായിരുന്നു സംഭവം പുറത്ത് വന്നപ്പോൾ പലരും പ്രതികരിച്ചത്. എന്നാൽ പിന്നീട് പ്രതി തന്നെ കുറ്റം ഏറ്റെടുത്ത് പോലീസിൽ കീഴടങ്ങിയതോടെ കളി മാറി. ആർ.എസ്.എസിന്റെ മേൽ കുറ്റം ചുമത്തി കൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ നിമിഷ നേരം കൊണ്ട് കാണാതായി.
കൊലപാതകത്തിന് പിന്നിൽ ആർഎസ്എസാണെന്ന് പറയാൻ ശ്രമിച്ച സിപിഎം. മുൻ എംഎൽഎ എം സ്വരാജ് ഉൾപ്പെടെയുള്ള പ്രമുഖരുടെ പോസ്റ്റുകളാണ് നിമിഷ നേരം കൊണ്ട് അപ്രതീക്ഷിതമായത് . ലോക്കൽ കമ്മിറ്റി സെക്രട്ടറി സത്യനാഥിനെ കൊലപ്പെടുത്തിയത് സ്വന്തം പാർട്ടി പ്രവർത്തകൻ തന്നെയാണ് വ്യക്തമായതോടെയാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ ശ്രദ്ധയിൽ പെടുന്നത്.
സത്യനാഥിന്റെ കൊലയ്ക്ക് പിന്നാലെ ആർഎസ്എസ് ഭീകരതയുടെ അവസാനത്തെ ഇര എന്നായിരുന്നു സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചത്. ഇതേ തുടർന്ന് ആർഎസ്എസിനെതിരെ സിപിഎം സൈബർ കമ്മികൾ പ്രചാരണം ആരംഭിച്ചു. സ്വരാജിന് പുറമേ കല്യാശ്ശേരി എംഎൽഎ എം വിജിനും ആർഎസ്എസിന് മേൽ പഴി ചാർത്തി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട് .
മനുഷ്യത്വം തൊട്ടു തീണ്ടാത്ത കൊടും ക്രൂരതയുടെ അടിത്തറയിൽ കെട്ടിപ്പൊക്കിയ വർഗ്ഗീയ പ്രത്യയ ശാസ്ത്രമാണ് ആർഎസ്എസിനെ നയിക്കുന്നത് എന്നും, അതിന് അമ്പലമെന്നോ ആരാധനാ കേന്ദ്രങ്ങളെന്നോ ഇല്ലെന്നുമായിരുന്നു വിജിൻ എംഎൽഎ ഫേസ്ബുക്കിൽ എഴുതിയത്. പാർട്ടി പ്രവർത്തകനായ അഭിലാഷ് പിന്നീട് അറസ്റ്റിലായതോടെ ഇരുവരും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. എന്നാൽ സെെബർ സഖാക്കൾ പ്രചാരണം തുടരുന്നുണ്ട്.
പാർട്ടിയ്ക്കുള്ളിൽ തനിക്കെതിരെ സ്വീകരിച്ച നിലപാടിലുള്ള വൈരാഗ്യത്തെ തുടർന്നാണ് സത്യനാഥിനെ കൊലപ്പെടുത്തിയത് എന്ന് പ്രതി അഭിലാഷ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് ആർഎസ്എസിനെതിരെ കൊണ്ടുപിടിച്ച് സഖാക്കൾ വ്യാജ പ്രചാരണം നടത്തുന്നത്. സത്യനാഥിന്റെ മുൻ ഡ്രൈവർ കൂടിയായിരുന്നു അഭിലാഷ്.
അടുത്തിടെ കൊയിലാണ്ടി സിപിഎമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ അഭിലാഷിനെതിരെ സത്യനാഥൻ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആറ് വർഷം മുൻപ് അഭിലാഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നതായും സിപിഎം നേതൃത്വം പറയുന്നുണ്ട്.