ഉഗ്ര വിഷമുള്ള പാമ്പുകളുടെ വിഷത്തെ പ്രതിരോധിക്കാൻ കഴിയുന്ന പുതിയ ആൻ്റിബോഡി വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ. മൂർഖൻ, രാജവെമ്പാല, ക്രെയ്റ്റ്, ബ്ലാക്ക് മാമ്പ തുടങ്ങിയ ഉഗ്ര വിഷമുള്ള എല്ലാവിധ പാമ്പുകളുടെയും വിഷത്തെ പ്രതിരോധിക്കാനും ഇവ ഉത്പാദിപ്പിക്കുന്ന ശക്തമായ ന്യൂറോടോക്സിനെ നിർവീര്യമാക്കാനും പുതുതായി കണ്ടുപിടിച്ച ആൻ്റിബോഡിക്ക് കഴിയുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞരാണ് ഈ വിജയ പരീക്ഷണത്തിന് പിറകിൽ പ്രവർത്തിച്ചത് . ഒരു സിന്തറ്റിക് ഹ്യൂമൻ ആൻ്റിബോഡിയാണ് ഇവർ കണ്ടുപിടിച്ചിരിക്കുന്നത്. CES-ലെ അസോസിയേറ്റ് പ്രൊഫസറായ കാർത്തിക് സുനഗറാണ് പുതിയ ആന്റിബോഡി പഠനത്തിന്റെ സംയുക്ത രചയിതാവ്.
ഇദ്ദേഹത്തിന്റെ ടീം വികസിപ്പിച്ച ആൻ്റിബോഡി, എലാപ്പിഡ് വിഷത്തിലെ ത്രീ-ഫിംഗർ ടോക്‌സിൻ (3FTx) എന്ന പ്രധാന വിഷത്തിന്റെ കാമ്പിൽ കാണപ്പെടുന്ന സംരക്ഷിത ഇടത്തെ ലക്ഷ്യമിടുന്നു. വിവിധ 3FTx- കളുമായി ശക്തമായി ബന്ധിപ്പിക്കാൻ കഴിയുന്ന ആൻ്റിബോഡിക്കായി അവർ പരീക്ഷണം നടത്തുകയായിരുന്നു. പബ്ലിക് റിപ്പോസിറ്ററികളിലെ 3FTx-ന്റെ 149 വകഭേദങ്ങളിൽ, ഈ ആൻ്റിബോഡി 99-ലേക്ക് ബന്ധിപ്പിക്കും. കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള മോണോക്ലെഡ് കോബ്രയുടെയും സബ്-സഹാറൻ ആഫ്രിക്കയിൽ നിന്നുള്ള ബ്ലാക്ക് മാമ്പയുടെയും മുഴുവൻ വിഷത്തിനെതിരെയും ഈ ആൻ്റിബോഡി പരീക്ഷിച്ച് നോക്കി.
പുതിയ ആന്റിബോഡിയുടെ ഫലപ്രാപ്തി പരമ്പരാഗത ഉത്പ്പന്നത്തിന്റെ ഏതാണ്ട് 15 മടങ്ങ് കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. കുതിരകളെപ്പോലുള്ള മൃഗങ്ങളിൽ വിഷം ആദ്യം കുത്തിവയ്‌ക്കേണ്ടതിന്റെ ആവശ്യകത മറികടന്ന് ആൻ്റിബോഡി ഉൽപ്പാദിപ്പിക്കാൻ ഗവേഷകർ മനുഷ്യനിൽ നിന്നുള്ള സെൽ ലൈനുകളാണ് ഉപയോഗിച്ചത്.
ആൻ്റിബോഡി പൂർണമായും മനുഷ്യനിലായതിനാൽ, അലർജി പ്രതികരണങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. ഇത് ഒരേ സമയം രണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ഒന്ന്, ഇത് പൂർണമായും മനുഷ്യന്റെ ആൻ്റിബോഡിയാണ്. അതിനാൽ മാരകമായ അനാഫൈലക്സിസ് ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾ തടയും. രണ്ട്, ഇത് ഉത്പ്പാദിപ്പിക്കുന്നതിന് ഭാവിയിൽ മൃഗങ്ങളെ ഉപദ്രവിക്കേണ്ടതില്ല.
പാമ്പുകടിയേറ്റ് ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് മരിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയിലും സബ്-സഹാറൻ ആഫ്രിക്കയിലും. കുതിരകളിലേക്ക് പാമ്പിന്റെ വിഷം കുത്തിവയ്‌ക്കുകയും അവയുടെ രക്തത്തിൽ നിന്ന് ആൻ്റിബോഡികൾ ശേഖരിക്കുകയും ചെയ്യുന്നതാണ് ആൻ്റി വെനം വികസിപ്പിക്കുന്നതിനുള്ള നിലവിലെ തന്ത്രം.
എന്നാൽ ഇതിന് നിരവധി പ്രശ്നങ്ങൾ ഉണ്ട്. ഈ മൃഗങ്ങൾ വിവിധ ബാക്ടീരിയകളോടും വൈറസുകളോടും സമ്പർക്കം പുലർത്തുന്നു. തത്ഫലമായി, ആൻ്റി വെനങ്ങളിൽ സൂക്ഷ്മാണുക്കൾക്കെതിരായ ആൻ്റിബോഡികളും ഉൾപ്പെടുന്നു. ഇത് ദോഷം ചെയ്യും. ആന്റി-വെനം കുപ്പിയുടെ 10 ശതമാനത്തിൽ താഴെ മാത്രമേ പാമ്പിന്റെ വിഷത്തിനെതിരായ ആൻ്റിബോഡികൾ അടങ്ങിയിട്ടുള്ളൂവെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.