ദുബായ്: ഇന്ത്യയും ഗള്‍ഫ് മേഖലയും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ദുബായ് അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ടിപിള്‍ എന്‍ട്രി വിസ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി നിര്‍ദ്ദേശിച്ചിട്ടുള്ള ഫീസും, സെക്യൂരിറ്റി ഡെപ്പോസിറ്റും അടച്ചാല്‍ വിസ ലഭ്യമാകും. സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ വിസ ലഭിക്കുമെന്നതാണ് പ്രത്യേകത. (Dubai Multiple Entry Visa)
അപേക്ഷിച്ച് കൂടിയാല്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ വിസ അനുവദിക്കും, അതിന്റെ കാലാവധി 90 ദിവസമായിരിക്കും. സമാനമായ കാലയളവിലേക്ക് ഒരിക്കല്‍ കൂടി നീട്ടാവുന്നതാണ്. ഇതോടെ ഇന്ത്യക്കാര്‍ക്ക് 180 ദിവസം ദുബൈയില്‍ തങ്ങാന്‍ സാധിക്കും. വര്‍ഷത്തില്‍ 180 ദിവസത്തില്‍ കൂടുതല്‍ യുഎഇയില്‍ തങ്ങാന്‍ ഈ വിസ അനുവദിക്കില്ല.
അപേക്ഷിക്കാം
ടൂറിസ്റ്റുകള്‍, ബിസിനസുകാര്‍, താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി ദുബായിലെത്തുന്നവര്‍ എന്നിവര്‍ക്കാണ് ഈ വിസ കൂടുതല്‍ ഉപകാരപ്പെടുക. മതിയായ കാലാവധിയുള്ള പാസ്പോര്‍ട്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, റൗണ്ട് അപ്പ് യാത്രാ ടിക്കറ്റ്, ബാങ്ക് ബാലന്‍സ് തുടങ്ങിയവയെല്ലാം വിസാ അപേക്ഷകര്‍ക്ക് ആവശ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് ആറ് മാസത്തിനുള്ളില്‍ 4,000 ഡോളര്‍ (ഏകദേശം 3.31 ലക്ഷം രൂപ)ന് തത്തുല്യമായ ബാങ്ക് ബാലന്‍സ് കാണിക്കേണ്ടി വരും.
ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വഴി വിസയ്ക്ക് അപേക്ഷിക്കാം. വര്‍ഷത്തിലൊരിക്കല്‍ 30, 60 അല്ലെങ്കില്‍ 90 ദിവസങ്ങള്‍ താമസിക്കുന്നതിനാണ് വിസ നല്‍കുന്നത്.
ഇങ്ങനെ ഒരു വര്‍ഷത്തില്‍ യുഎഇയില്‍ പരമാവധി 180 ദിവസങ്ങള്‍ ചിലവഴിക്കാം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി വെബ്‌സൈറ്റ് അല്ലെങ്കില്‍ ജിഡിആര്‍എഫ്എ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.