തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രിലിലെ ശമ്പളത്തില്‍ രണ്ട് ശതമാനം ക്ഷാമബത്ത നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ ഉറപ്പില്ലാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
‘സാധനങ്ങളുടെയെല്ലാം വില കൂടി. ഡി.എ കിട്ടിയാലും മെച്ചപ്പെട്ട ജീവിതത്തിലേക്കു പോകുന്നില്ല. കഴിഞ്ഞ വര്‍ഷത്തേതു പോലെ ജീവിക്കാമെന്നു മാത്രം. 18 % ബത്ത കിട്ടേണ്ടിയിരിക്കുന്നു. 2 % മാത്രമേ തരൂ എന്നാണു ബാലഗോപാല്‍ പറഞ്ഞത്. അതും കിട്ടിയാലായി എന്നേയുള്ളൂ. ശമ്പളം തന്നെ കൊടുക്കാന്‍ പറ്റുമോ എന്നു സംശയമാണ്. അപ്പോള്‍ പിന്നെ ഡി.എ എങ്ങനെ കിട്ടും?. ഗോവിന്ദന്‍ ചോദിച്ചു. ‘ലെനിനിസവും ഇന്ത്യന്‍ വിപ്ലവത്തിന്റെ കാഴ്ചപ്പാടും’ എന്ന പുസ്തകത്തെ അധികരിച്ചുള്ള പ്രസംഗത്തിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം.
ചില എസ്.എഫ്.ഐക്കാര്‍ വിഷയം പഠിക്കാതെ പ്രസംഗിക്കുന്നതിനെ എം.വി.ഗോവിന്ദന്‍ പരിഹസിച്ചു. സാമൂഹിക വ്യവസ്ഥയാണ് എല്ലാ കുഴപ്പത്തിന്റെയും ഉത്തരവാദി എന്നാണ് പ്രസംഗം. സാമൂഹിക വ്യവസ്ഥ അത്ര വലിയ പ്രശ്‌നക്കാരനാണോ എന്ന് പ്രസംഗം കേട്ട കെ.എസ്.യുക്കാരന്‍ ചോദിച്ചു.
കാണാപ്പാഠം പഠിച്ചുപോയ എസ്.എഫ്.ഐക്കാരന്‍ അപ്പോഴാണ് സാമൂഹിക വ്യവസ്ഥയെക്കുറിച്ച് ആലോചിക്കുന്നത്. വെറുതെ പറഞ്ഞിട്ടു കാര്യമില്ലെന്നും ഗൗരവപൂര്‍വം പഠിക്കേണ്ടതാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
സംസ്ഥാന ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസ ശമ്പളത്തോടൊപ്പം നല്‍കും എന്ന് ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഒരു ഗഡു ക്ഷാമബത്ത പ്രഖ്യാപനത്തില്‍ ഒതുങ്ങിയേക്കുമെന്ന് മലയാളം മീഡിയ ചൂണ്ടിക്കാട്ടിയിരുന്നു.
ബജറ്റ് പ്രഖ്യാപനം കഴിഞ്ഞു ദിവസങ്ങള്‍ ഇത്ര ആയിട്ടും ഡി. എ ഉത്തരവ് ഇറക്കുന്ന ധനകാര്യ (പി ആര്‍ യു) വകുപ്പില്‍ ഇത് സംബന്ധിച്ച ഫയല്‍ നീക്കം ആരംഭിച്ചിട്ടില്ല.
ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം മെയ് മാസത്തില്‍ മാത്രമാണ് പ്രഖ്യാപിച്ച ഡിഎ അനുവദിക്കേണ്ടി വരിക എങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതോടെ ഉത്തരവ് ഇറക്കാന്‍ സാധിക്കാത്ത സാഹചര്യം ആണ് ഉണ്ടാകുക.
സര്‍ക്കാരും ലക്ഷ്യം വെക്കുന്നത് അത് തന്നെ ആണെന്നാണ് സൂചന. പ്രഖ്യാപനത്തിലൂടെ ജീവനക്കാരുടെ വോട്ട് ഉറപ്പിക്കാന്‍ ആയെങ്കിലും അനുവദിക്കാന്‍ ഖജനാവില്‍ പണമില്ല എന്നതാണ് സര്‍ക്കാരിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.
ശമ്പള പരിഷ്‌കരണ കുടിശികയും പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയും ഡി. ആര്‍ പരിഷ്‌കരണ കുടിശികയും കൊടുക്കുമെന്ന് ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്ക് ഉത്തരവ് ഇറക്കിയെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ധനമന്ത്രിയായി എത്തിയ ബാലഗോപാല്‍ ആനുകൂല്യങ്ങള്‍ എല്ലാം നീട്ടിവയ്ക്കുകയാണ് ഉണ്ടായത്.
ഇതേ മാതൃക പ്രഖ്യാപിച്ച ഡി എ യുടെ കാര്യത്തില്‍ ബാലഗോപാല്‍ സ്വീകരിക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും പെന്‍ഷന്‍കാരും. സംസ്ഥാന ജീവനക്കാര്‍ക്ക് 2% കൊടുക്കുന്നത് നീട്ടാന്‍ തന്ത്രം മെനയുന്ന ധനമന്ത്രിയെ എ ഐ എസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്ന 4% ആണ് കുഴക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 4% ക്ഷാമബത്ത ഉടന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഐ എ എസ് ഓഫീസര്‍ അസോസിയേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
ഇത് അനുവദിക്കുന്നതിനുള്ള ഫയല്‍ നീക്കം ആരംഭിച്ചതായാണ് വിവരം. സപ്ലൈകോയിലെ അവശ്യ സാധനങ്ങള്‍ക്ക് വന്‍ വിലവര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തില്‍ പൊതുവിപണിയിലും വില കുതിച്ചുയരും എന്നും അതിനെ മറികടക്കാന്‍ നിലവില്‍ അനുവദിച്ച 2% ക്ഷാമബത്ത കൊണ്ട് മതിയാകില്ല എന്നും അതിനാല്‍ 2% ന് പുറമേ കുടിശികയായ 21% മുഴുവനായി അനുവദിക്കണം എന്നാണ് ജീവനക്കാരുടെ ആവശ്യം.