കൊച്ചി : കരുവന്നൂർ കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തൃശൂർ കോപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി കൗൺസിലർ മധു എന്നിവരാണ് ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകേണ്ടത്.
കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാറുമായും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇരുവർക്കും വ്യാജ പ്രമാണം ഹാജരാക്കി ബാങ്കിൽ നിന്ന് കോടികളുടെ വായ്പ തട്ടിയവരെക്കുറിച്ച് അറിവുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. എസി മൊയ്തീൻ അടക്കമുള്ള ഉന്നത സിപിഎം നേതാക്കൾക്കളെയും ഇഡി ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം നടന്നത്. അന്വേഷണത്തിൽ ഇതുവരെ 87.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റൃകൃത്യത്തില്‍ പങ്കാളികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റ് സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.