തിരുവനന്തപുരം: ആനുകൂല്യ നിഷേധങ്ങള്‍ക്കെതിരെ 2024 ജനുവരി 24 ലെ പണിമുടക്കിയ ജീവനക്കാരോട് ലീവിന് അപേക്ഷിക്കൂ അനുവദിക്കാമെന്ന ഓഫറുമായി സർക്കാർ.
സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പാണ് ഇത്തരം വിചിത്ര ഓഫറുമായി ജീവനക്കാരുടെ മുന്നിലെത്തിയത്. 18 % ഡിഎ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 24 ന് സംസ്ഥാനത്തെ യു.ഡി.എഫ് അനുകൂല സർവീസ് സംഘടനകൾ പണിമുടക്കിയിരുന്നു.
സമരത്തെ നേരിടാൻ ഡയസ്നോൺ ബാധകമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആർക്കും അവധി അനുവദിക്കരുതെന്നും സർക്കാർ കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു. അതോടെ പ്രതിപക്ഷ സർവീസ് സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ചലനമുണ്ടാക്കില്ല എന്നായിരുന്നു സർക്കാർ വൃത്തങ്ങൾ കണക്കുകൂട്ടിയത്. എന്നാൽ നല്ലൊരു വിഭാഗം ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തത് ഭരണപക്ഷ സർവീസ് സംഘടനകൾക്ക് കനത്ത ആഘാതമായി. സെക്രട്ടേറിയറ്റിൽ 1400 പേർ അന്ന് ജോലിക്ക് ഹാജരാകാതിരുന്നത് സർക്കാർ കേന്ദ്രങ്ങളെ ഞെട്ടിച്ചു. തുടർന്ന് ബജറ്റിൽ ഡി.എ ഒരു ഗഡു നൽകുമെന്ന പ്രഖ്യാപനവും സർക്കാരിന് നടത്തേണ്ടി വന്നു.
പണിമുടക്ക് ദിവസത്തെ വേതനം ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് പിടിക്കാനാണ് സർക്കാർ ഉത്തരവ്. ശമ്പളബില്ല് തയ്യാറാക്കേണ്ട അക്കൗണ്ട്സ് സെക്ഷൻകാരുടെ പരിശോധനയിൽ അനേകം ജീവനക്കാരുടെ ആ ദിവസത്തെ ശമ്പളം പിടിക്കേണ്ടതുണ്ടെന്ന് ബോധ്യമായി. തുടർന്ന് കഴിഞ്ഞയാഴ്ച അക്കൗണ്ട്സ് സെക്ഷനുകളിലെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പണിമുടക്കിയ ജീവനക്കാർ ആയതു സംബന്ധിച്ച സബ്മിഷൻ ബില്ലിംഗ് സെക്ഷനുകളിൽ സമർപ്പിക്കേണ്ടതാണെന്ന സന്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പോസ്റ്റ് ചെയ്തു.
പണിമുടക്കിയവരിൽ പലരും അതിന് തയ്യാറായില്ല. അവധി അപേക്ഷിച്ചാൽ മതി, അനുവദിക്കും എന്ന് ഇവർ പണിമുടക്കിയവരോടായി പറഞ്ഞു. അവധി നൽകില്ലെന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി ഇവർ അപേക്ഷിച്ചവർക്കെല്ലാം അവധി അനുവദിക്കുകയും ചെയ്തു. എന്നിട്ടും ഉദ്ദേശിച്ച അത്രയും പേർ അവധി അപേക്ഷ നൽകാത്ത സാഹചര്യത്തിൽ ഈയാഴ്ച ഔദ്യോഗികമായി തന്നെ അറിയിപ്പ് നൽകി. ഹാജരാകാത്തത് ക്രമീകരിക്കാൻ ഫെബ്രുവരി 21 വരെ സമയം നൽകി. പിന്നിട് അത് വീണ്ടും 22 ന് 5 മണിവരെയായി ദീർഘിപ്പിച്ചു.
പണിമുടക്കിയ ജീവനക്കാരെ ബില്ലിംഗ് സെക്ഷനുകളിൽ നിന്നും നേരിട്ട് വിളിച്ച് അവധി അപേക്ഷ നൽകാൻ ഇന്ന് നിർദ്ദേശിക്കുകയായിരുന്നു. 24 ന് ഹാജരാകാത്തവർക്ക് ഡയസ്നോൺ ഏർപ്പെടുത്തിയ ഉത്തരവ് നിലനിൽക്കെയാണ് എല്ലാവരെയും അവധിക്ക് അപേക്ഷ നൽകാൻ പൊതുഭരണ വകുപ്പ് പ്രേരിപ്പിക്കുന്നത്. സർക്കാരിൻ്റെ അവധി ഓഫർ പലരും സ്വീകരിച്ചതായാണ് വിവരം.