17 വയസ്സുകാരി ചാലിയാറില്‍ മുങ്ങിമരിച്ച സംഭവം: കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

Siddique Ali. Edavannapara Malappuram

ഊര്‍ക്കാട് സ്വദേശി 43 വയസ്സുകാരനായ വി. സിദ്ദീഖ് അലിയെയാണ് പോക്‌സോ നിയമപ്രകാരം വാഴക്കാട്‌ പോലീസ് അറസ്റ്റ് ചെയ്തത്. Siddique Ali. Edavannapara (Malappuram)

മലപ്പുറം എടവണ്ണപ്പാറ ചാലിയാറില്‍ 17 വയസ്സുകാരി മുങ്ങി മരിച്ച സംഭവത്തില്‍ പ്രദേശത്തെ കരാട്ടേ അധ്യാപകന്‍ അറസ്റ്റില്‍. ഊര്‍ക്കാട് സ്വദേശി 43 വയസ്സുകാരനായ വി. സിദ്ദീഖ് അലിയെയാണ് പോക്‌സോ നിയമപ്രകാരം വാഴക്കാട്‌പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് വീടിനു സമീപത്തെ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

6 മണി മുതല്‍ കാണാതായ പെണ്‍കുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെ പുഴയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ദിവസം, അപരിചിതരായ രണ്ടുപേരെ ഈ പരിസരത്ത് കണ്ടിരുന്നു. അയല്‍വാസികളില്‍ ചിലര്‍ അടുത്തേക്കു ചെന്നപ്പോള്‍ മുഖംനല്‍കാതെ ബൈക്ക് ഓടിച്ചുപോയതു സംശയത്തിന് ആക്കം കൂട്ടുന്നതായും ബന്ധുക്കള്‍ പറയുന്നു.

സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പതിനേഴുകാരിയായ പെണ്‍കുട്ടിയെ കരാട്ടെ പരിശീലകന്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസ് നല്‍കാനിരിക്കെയാണ് പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ ചാലിയാറില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് പരാതി.

പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. കടുത്ത മനഃപ്രയാസമുണ്ടായിരുന്നെങ്കിലും നീതിക്കായി പോരാടാന്‍ അവള്‍ തീരുമാനിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. പഠനത്തില്‍ മിടുക്കിയായിരുന്ന കുട്ടി കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു.

പ്രതി മറ്റു പെണ്‍കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും വേറെ രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയാണെന്നും മരിച്ച പെണ്‍കുട്ടിയുടെ സഹോദരിമാര്‍ വെളിപ്പെടുത്തി. പീഡനത്തേക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോള്‍ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റു പറഞ്ഞതായും സഹോദരിമാര്‍ വെളിപ്പെടുത്തി. താന്‍ നേരിട്ട പീഡനങ്ങളേക്കുറിച്ച് പെണ്‍കുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഓഫിസിലേക്ക് പരാതി അയച്ചിരുന്നു. ഇത് കൊണ്ടോട്ടി പൊലീസിനു കൈമാറിയതിനെ തുടര്‍ന്ന് അവര്‍ മൊഴിയെടുക്കാന്‍ വന്നെങ്കിലും പെണ്‍കുട്ടി സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ലെന്നു പറയുന്നു. പത്താം ക്ലാസില്‍ മികച്ച മാര്‍ക്കോടെ വിജയിച്ച പെണ്‍കുട്ടി, പ്ലസ് വണ്ണില്‍ പഠനം ഇടയ്ക്കു നിര്‍ത്തിയിരുന്നു.

ഇതിനിടെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് രാത്രി എട്ടു മണിയോടെ ചാലിയാര്‍ പുഴയില്‍ വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അധികം വെള്ളമില്ലാത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹത്തില്‍ മേല്‍വസ്ത്രം ഉണ്ടായിരുന്നില്ല. ഒരു ചെരിപ്പു മാത്രമാണ് മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയത്. ജീവനൊടുക്കിയെന്ന കരുതാവുന്ന അവസ്ഥയിലല്ല പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിതെന്നാണ് കുടുംബാംഗങ്ങളും നാട്ടുകാരില്‍ ചിലരും പറയുന്നത്.

പെണ്‍കുട്ടി നേരിട്ട പീഡനങ്ങളേക്കുറിച്ച് സഹോദരിമാര്‍ പറഞ്ഞത്:

അവളെ ഇത്രയും പിടിച്ചുകുലുക്കിയ സംഭവം നടക്കുന്നത് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15ാം തീയതിയാണ്. അന്ന് കരാട്ടെ പഠിപ്പിക്കുന്ന സാറിനെ കാണാന്‍ പോയപ്പോള്‍ അയാള്‍ അവളെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. ആ സംഭവത്തിനു ശേഷം അവള്‍ വളരെ വിഷമത്തിലായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ഇയാള്‍ അവളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന് അതു കഴിഞ്ഞാണ് ഞങ്ങള്‍ അറിയുന്നത്.

ഇവളെ മാത്രമല്ല, കരാട്ടെ പഠിക്കാന്‍ വന്നിരുന്ന എല്ലാ പെണ്‍കുട്ടികളെയും ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. കരാട്ടെയുടെ പാഠങ്ങളാണെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ പല ആഭാസങ്ങളും നടത്തിയിരുന്നതായി ഇവളിലൂടെയാണ് ഞാന്‍ അറിയുന്നത്. പിന്നീട് ഞങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ക്കെതിരെ നിലവില്‍ രണ്ട് പോക്‌സോ കേസുകള്‍ ഉള്ളതായി അറിഞ്ഞത്.

കരാട്ടെ ക്ലാസില്‍ ചേരുന്ന സമയത്തുതന്നെ ഇയാള്‍ ചില കാര്യങ്ങള്‍ പറയും. ഞാന്‍ നിങ്ങളുടെ ഗുരുവും ദൈവമാണെന്നും, നിങ്ങളുടെ ശരീരവും മനസ്സും ഗുരുവിന്റെ തൃപ്തിക്കായിട്ടുള്ളതാണെന്നും ഇയാള്‍ പറഞ്ഞു വിശ്വസിപ്പിക്കും. നിങ്ങളുടെ നെഞ്ചത്തു കൈവച്ചാലാണ് ഗുരുവിനു നിങ്ങളെ അറിയാന്‍ കഴിയുക, നിങ്ങളെ പൂര്‍ണമായും ഗുരുവിനു സമര്‍പ്പിക്കണമെന്നും ആവശ്യപ്പെടും. ഗുരുവിലൂടെ മാത്രമേ നിങ്ങള്‍ക്ക് വിജയമുള്ളൂ എന്നും പറഞ്ഞു വിശ്വസിപ്പിക്കും. എന്നിട്ട്, നിങ്ങള്‍ ഇനി ആരുടേതാണ് എന്ന് അയാള്‍ ചോദിക്കും. ‘മാഷിന്റേതാണ്’ എന്ന് കുട്ടികള്‍ ഒന്നടങ്കം പറയും. ഇയാളുടെ ക്ലാസിലുള്ള മുതിര്‍ന്ന കുട്ടികള്‍ ഇങ്ങനെ പറഞ്ഞാണ് പുതുതായി എത്തുന്ന കുട്ടികള്‍ കേള്‍ക്കുന്നത്. ഇത് ഒരു ഗ്രാമപ്രദേശമാണ്. മാത്രമല്ല, അവിടെ ചേരുന്നതെല്ലാം ചെറിയ കുട്ടികളുമാണ്. ഇവള്‍ തന്നെ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് കരാട്ടെയ്ക്കു ചേരുന്നത്.

താന്‍ നല്ലൊരു വ്യക്തിയാണെന്നും ചെയ്യുന്ന കാര്യങ്ങളെല്ലാം വിദ്യാര്‍ഥികളുടെ ഗുണത്തിനു വേണ്ടിയാണെന്നുമുള്ള ഒരു ഇമേജും ഇയാള്‍ സൃഷ്ടിച്ചുവച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ ദേഹത്ത് തൊടുമ്പോള്‍ത്തന്നെ അത് മോശമല്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. റിലാക്‌സേഷന്‍ വര്‍ക് എന്നു പറഞ്ഞ് കയറിയിരിക്കുന്നത് ശരീരവളര്‍ച്ചയെത്തിയ പെണ്‍കുട്ടികളുടെ ദേഹത്താണ്. അവരുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഇയാള്‍ കയറി കിടക്കാറുണ്ട്. തലോടാറുണ്ട്. ചുണ്ടുകളില്‍ പരസ്യമായി ഉമ്മ വയ്ക്കാറുണ്ട്. ഇതെല്ലാം സാധാരണ കാര്യങ്ങളാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. തീര്‍ത്തും നിസഹായരായ ഒരു കൂട്ടം ജനങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments