കണ്ണൂർ : കേന്ദ്ര സർക്കാർ നൽകുന്ന ഭാരത് അരിക്ക് ആവശ്യക്കാർ കൂടുന്നു. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ എത്തിയ അരി വെറും ഒന്നര മണിക്കൂർ കൊണ്ടാണ് തീർന്നത്. അതും 100 ക്വിന്റൽ അരിയാണ് നിമിഷനേരം കൊണ്ട് വിറ്റ് കഴിഞ്ഞത്.
പത്ത് കിലോഗ്രാമിന്റെ ബാഗിന് 290 രൂപയാണ് വില. ആയിരത്തോളം പേരാണ് അരി വാങ്ങിയത്. അരിയെത്തിയ വിവരം അറിഞ്ഞ് കിലോമീറ്ററുകൾ അകലെ നിന്ന് വരെ എത്തിയവരും ഏറെയാണെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു. ബിജെപിയുടെ പ്രാദേശിക പ്രവർത്തകരാണ് വിൽപ്പന നടത്തുന്നത്.
ഇന്നലെ ആലപ്പുഴയിലും ഭാരത് അരി വാങ്ങാനായി വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാനായി ടോക്കൺ അടിസ്ഥാനത്തിലാണ് അരി വിതരണം ചെയ്തത്. അരി പരിശോധിച്ച് നോക്കുന്നതിനായി അരിയുടെ സാമ്പിളും പ്രദർശനത്തിന് വച്ചിട്ടുണ്ടായിരുന്നു. ഭാരത് അരിയെ തരം താഴ്‌ത്തുകയും വിമർശിക്കുകയും ചെയ്യുന്നതിനിടെയാണ് അരി വാങ്ങാനായി ആളുകൾ തടിച്ചുകൂടുന്നത്.