-പി.ജെ. റഫീഖിന്റെ റിപ്പോർട്ട് –
സ്വന്തം സഖാക്കളുടെ പാലംവലിയെ പേടി;
പ്രശസ്ത ഐ.ടി വിദഗ്ധന്റെ പി.ആര്‍ ടീം കരുത്ത്
മസാലബോണ്ടുമുതല്‍ കേരളത്തിന്റെ ധനപ്രതിസന്ധിവരെ പത്തനംതിട്ടയില്‍ നിറയും; രാജു എബ്രഹാം നിശ്ശബ്ദ സാന്നിദ്ധ്യം
പത്തനംതിട്ടയിലെ സഖാക്കള്‍ പാലം വലിക്കുമോയെന്ന ആശങ്കയില്‍ തോമസ് ഐസക്ക്. ആലപ്പുഴക്കാരനായ ഐസക്കിനെ പത്തനംതിട്ടയില്‍ പരീക്ഷിക്കാന്‍ പിണറായി തീരുമാനിച്ചതോടെ പത്തനംതിട്ട ലോക സഭ സീറ്റിലേക്ക് കണ്ണ് നട്ടിരുന്ന മുന്‍ എംഎല്‍എ രാജു എബ്രഹാം നിരാശയിലാണ്. രാജു എബ്രഹാമിന്റെ പാരയും ഐസക്ക് പ്രതീക്ഷിക്കുന്നുണ്ട്.
പത്തനംതിട്ട സീറ്റ് ഉറപ്പിച്ച ഐസക്ക് വിശ്വസ്തരുടെ യോഗം കഴിഞ്ഞ ദിവസം ദേശീയ ശ്രദ്ധ നേടിയ ആലപ്പുഴയിലെ ഐ.ടി വിദഗ്ധന്റെ വീട്ടില്‍ വിളിച്ചിരുന്നു. ഐ.ടി വിദഗ്ധര്‍ അടങ്ങുന്ന പി. ആര്‍ ടീമിനെ നിയോഗിക്കാനാണ് തീരുമാനം. വിവിധ മേഖലകളിലെ പ്രഗല്‍ഭരും പി.ആര്‍ ടീമില്‍ ഉണ്ടായിരിക്കും.
അമേരിക്കയില്‍ നിന്നുള്ള ഐ.ടി വിദഗ്ധനും പ്രമുഖ കണ്‍സള്‍ട്ടന്റും പി.ആര്‍ ടീമില്‍ ഉണ്ട്. പരമാവധി വീടുകള്‍ കേറി വോട്ട് അഭ്യര്‍ത്ഥിക്കുക എന്ന പരമ്പരാഗത ശൈലിയില്‍ നിന്നു മാറി ഐസക്കിന്റെ വീഡിയോകള്‍ എല്ലാ വീട്ടിലും എത്തിക്കുക എന്ന രീതിയാണ് അവലംബിക്കുക. ഐസക്കിന്റെ ബൗദ്ധിക പശ്ചാത്തലം കൃത്യമായി ഉപയോഗിച്ചാല്‍ പത്തനംതിട്ടക്കാര്‍ വോട്ട് ചെയ്യും എന്നാണ് ദേശീയ ശ്രദ്ധ നേടിയ ഐ.ടി വിദഗ്ധന്റെ ഉപദേശം.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണിയുടെ ജനകീയത മറികടക്കാന്‍ ഐസക്കിന് ആകുമോ എന്ന് കണ്ടറിയണം. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പി.സി ജോര്‍ജ് എത്തുന്നതോടെ ശക്തമായ ത്രികോണമല്‍സരം പത്തനംതിട്ടയില്‍ നടക്കുമെന്ന് ഉറപ്പായി.
സിപിഎമ്മിനു വേണ്ടി കഴിഞ്ഞ തവണ മല്‍സരിച്ച വീണ ജോര്‍ജ് ആന്റോ ആന്റണിയുടെ ജനകീയതക്ക് മുന്നില്‍ അടിതെറ്റി വീണു. 44,243 വോട്ടിനായിരുന്നു ആന്റോ ആന്റണിയുടെ വിജയം. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച കെ. സുരേന്ദ്രന്‍ 2,97,396 വോട്ടു നേടി മൂന്നാം സ്ഥാനത്തായി.
പത്തനംതിട്ട ലോക സഭ പരിധിയിലുള്ള ഈരാറ്റുപേട്ട സ്വദേശിയായ പി.സി ജോര്‍ജ് മണ്ഡലത്തില്‍ സുപരിചിതനാണ്. രാജു എബ്രഹാമിന്റെ പാരയും പത്തനംതിട്ടയിലെ സഖാക്കളുടെ അപ്രീതിയും ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടാലും അല്‍ഭുതപ്പെടേണ്ട.
പാര്‍ലമെന്റ് ഇലക്ഷനില്‍ സി പി എമ്മിന് എന്തു കാര്യം എന്ന ചോദ്യങ്ങളും ശക്തമാണ്. രാഹുല്‍ ഗാന്ധിയും മോദിയും പരസ്പരം പോരാടുന്ന പോരാട്ടത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഒഴുകാനാണ് സാധ്യത. കേരളത്തില്‍ നിന്ന് പരമാവധി 20 സീറ്റുകളിലും ജയിക്കാനാണ് കോണ്‍ഗ്രസ് തന്ത്രം മെനയുന്നത്.
പിണറായി സര്‍ക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ തരംഗവും ശക്തമാണ്. മാസപ്പടി നിഴലില്‍ ആണ് മുഖ്യമന്ത്രിയുടെ കുടുംബം . ഇടതുപക്ഷത്തിന് അനുകൂലമായ തരംഗങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് മാത്രമല്ല പ്രതികൂല ഘടകങ്ങള്‍ നിരവധിയും.
ഐ.ടി വിദഗ്ധന്റെ നേതൃത്വത്തിലുള്ള പി.ആര്‍ ടീമിനെ ഇറക്കി പത്തനംതിട്ടയില്‍ അല്‍ഭുതം സൃഷ്ടിക്കാന്‍ പറ്റുമോ എന്ന് നോക്കാനാണ് ഐസക്കിന്റെ ശ്രമം. ഐസക്ക് എത്തിയതോടെ മസാല ബോണ്ടിന്റെ അഴിമതിയും പത്തനംതിട്ടയില്‍ വന്‍ ചര്‍ച്ചയായി മാറും.