KeralaNews

മാർക്ക് ദാന വിവാദവും, വിദ്യാർത്ഥികളുടെ ആത്മഹത്യാഭീഷണിയും: അഡ്മിനിസ്ട്രേറ്റർ ഇന്ന് ചുമതലയേറ്റെടുക്കും

തൊടുപുഴ: മാർക്ക് ദാന വിവാദത്തെ തുടർന്ന് വിദ്യാർത്ഥി പ്രതിഷേധം രൂക്ഷമായ തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തും. ഇന്നു തന്നെ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റെടുക്കും. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിക്കാൻ വിദ്യാർത്ഥികൾ തയ്യാറായത്. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വീണ്ടും സമര രംഗത്തേക്ക് ഇറങ്ങുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ആരംഭിച്ച ആത്മഹത്യാ ഭീഷണി ഉയർത്തിയുള്ള പ്രതിഷേധം രാത്രി 12:30 ക്കാണ് അവസാനിച്ചത്. കോളേജ് മാനേജ്മെന്റിനെ പിരിച്ചുവിട്ടു അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്താമെന്ന ഉറപ്പിന്മേലാണ് വിദ്യാർത്ഥികൾ സമരത്തിൽ നിന്ന് പിന്മാറിയത്. പ്രിൻസിപ്പലിനെതിരെ വിദ്യാർത്ഥികൾ ഉന്നയിച്ച പരാതികൾ പരിശോധിക്കുമെന്ന് പ്രശ്ന പരിഹാരത്തിനിടപ്പെട്ട സബ് കളക്ടർ വ്യക്തമാക്കി.പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ വീണ്ടും സമര രംഗത്തേക്ക് ഇറങ്ങുമെന്ന് വിദ്യാർത്ഥികളും അറിയിച്ചു.

ഒരു വിദ്യാർത്ഥിക്ക് പ്രിൻസിപ്പൽ അനധികൃതമായി മാർക്ക് നൽകിയെന്ന് ആരോപിച്ചാണ് കോളേജിൽ പ്രതിഷേധമുടലെടുത്തത്. ഇത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതോടെ മൂന്നു നില കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർഥികൾ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ഉൾപ്പെടെ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *