തിരുവനന്തപുരം: സംസ്ഥാനത്ത് SSLC, +2 പരീക്ഷകൾ നടത്താൻ ഖജനാവിൽ പണമില്ലെന്ന സൂചനകളുമായി സർക്കാർ നിർദ്ദേശങ്ങള്‍. സ്‌കൂളുകളുടെ നിത്യ ചെലവിനുള്ള ഫണ്ടുപയോഗിച്ച് പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.
പത്താം ക്ലാസിലെ ഐടി പരീക്ഷയും ഹയർസെക്കൻഡറി പരീക്ഷകളും നടത്താനാണ് പണമില്ലാത്തത്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകളിലെ ദൈനംദിന ചെലവിനായുള്ള പണമെടുക്കാൻ തീരുമാനിച്ചത്.
സർക്കാരിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്‌കൂളുകളുടെ പണം തിരികെ നൽകുമെന്നും ഉത്തരവിലുണ്ടെന്നാണ് വിവരം.
സ്‌കൂളുകളുടെ ചെലവുകൾക്കായി നീക്കിവച്ചിരിക്കുന്ന പണമെടുക്കാൻ അനുമതി തേടി പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷ സെക്രട്ടറിയും നേരത്തെ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
44 കോടി രൂപയാണ് കഴിഞ്ഞ അദ്ധ്യയന വർഷം പരീക്ഷ നടത്തിപ്പിന് ചെലവായത്. ഇതിൽ ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിന് 21 കോടി, വി.എച്ച്.എസ്.ഇക്ക് 11 കോടി എസ്.എസ്.എൽ.സി, ഐടി പരീക്ഷയ്ക്ക് 12 കോടി എന്നിങ്ങനെ ആയിരുന്നു കണക്ക്.
ഈ കുടിശ്ശിക നിലനിൽക്കേയാണ് പ്രതിസന്ധി മറികടക്കാൻ ഉള്ള പുതിയ ഇടപെടൽ. ഉത്തരവ് വിവാദമായതോടെ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.. ഇതിനിടയിലാണ് സ്‌കൂളുകളുടെ ദൈനംദിന ചെലവുകൾക്കായുള്ള പണം ചെലവഴിക്കാനുള്ള നിർദേശം വരുന്നത്.
പരീക്ഷാ നടത്തിപ്പിനുള്ള ചെലവിനായി പണം തികയാതെ വന്നപ്പോഴാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ വഴി തേടിയത്. സ്കൂളുകളുടെ നിത്യ ചെലവുകൾക്കായുള്ള പിഡി അക്കൗണ്ടിൽ നിന്ന് പണമെടുക്കാൻ വകുപ്പ് നിർദേശിക്കുന്നു.
പിഡി അക്കൗണ്ടിൽ നിന്ന് പണമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പരീക്ഷ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും സർക്കാരിനേ സമീപിച്ചിരുന്നു. ഈ കത്തിനുള്ള അനുമതിയായാണ് പുതിയ ഉത്തരവ്.