CrimeHealthKerala

കൂട്ടിരിപ്പുകാർ ഇല്ലാത്തതിനാൽ 108 ആംബുലൻസിലും കയറ്റിയില്ല ; ചികിത്സ നിഷേധിച്ചു ; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ‌ : കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് ചികിത്സ നിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ജില്ലാ ആശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ‌ ചെയ്ത രോ​ഗിയാണ് തൊട്ടടുത്തുള്ള ആശുപത്രി ബസ് സ്റ്റാൻഡിൽ‌ കുഴഞ്ഞുവീണ് മരിച്ചത്.

കൂട്ടിരിക്കാൻ ആരുമില്ലാത്തതിനാൽ ആശുപത്രിയിൽ എത്താൻ സാധിക്കാതെയാണ് ഇതര സംസ്ഥാന തൊഴിലാളി മരണത്തിന് കീഴ‍ടങ്ങിയത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് അവശനിലയിൽ കണ്ടെത്തിയ ഇയാളെ അ​ഗ്നിരക്ഷാസേനയാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. കാലിനുണ്ടായ പൊട്ടലിനെ തുടർന്ന് അവശനിലയിലായിരുന്ന ഇയാൾ മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പരിശോധിച്ച് വിദ​ഗ്ധ ചികിത്സയ്‌ക്കായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ലഭിച്ചില്ല. 108 ആംബുലൻസിൽ വിളിച്ചെങ്കിലും കൂട്ടിരിപ്പുകാരില്ലാത്തത് കാരണം രോ​ഗിയെ കയറാൻ ഡ്രൈവർ വിസമ്മതിച്ചു.

ഇതോടെ ഇയാൾ ജില്ല ആശുപത്രിയിലേക്ക് തിരികെ പോയെങ്കിലും സുരക്ഷാ ജീവനക്കാർ തടയുകയാണുണ്ടായത്. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ആളെ അകത്തേക്ക് കടത്തിവിടാൻ സാധിക്കില്ലെന്നായിരുന്നു സെക്യൂരിറ്റിയുടെയും പൊലീസുകാരന്റെയും മറുപടി. ചക്രക്കസേരയിൽ നിന്ന് ഇയാളെ നിർബന്ധപൂർവ്വം ഇറക്കി വിട്ടു.

തുടർന്ന് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നടക്കവേ ഇയാൾ കുഴഞ്ഞുവീണ് മരിക്കുകയായി‌രുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ആശുപത്രിയുടെ ഭാ​ഗത്ത് നിന്ന് പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *