മാസപ്പടി; മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്

എറണാകുളം : വീണ വിജയന്റെ എക്‌സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കർണാടക ഹൈക്കോടതി ഉത്തരവിൽ ഉയർന്ന ചോദ്യങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

വീണ വിജയന്റെ കേസുമായി ബന്ധപ്പെട്ട് മറ്റ് ഏജൻസികൾ അന്വേഷണം നടത്തിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഏതൊക്കെ ഏജൻസികൾ മാസപ്പടി കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്?, മൂന്ന് വർഷം എന്തുകൊണ്ട് എക്‌സാലോജിക്കിനെ പറ്റിയുള്ള അന്വേഷണം മൂടിവച്ചു? സിഎംആർഎൽ കൂടാതെ മറ്റ് ഏതൊക്കെ കമ്പനികൾ എക്‌സാലോജിക്കിന് മാസപ്പടി നൽകിയിട്ടുണ്ട്? ഈ സ്ഥാപനങ്ങൾക്ക് നികുതിയിളവ് നൽകിയിട്ടുണ്ടോ?, എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും എക്‌സാലോജിക് എടുത്ത ലോണിലെ ഗണ്യമായ തുക എവിടെ പോയി? എന്നിങ്ങനെയാണ് വിഡി സതീശൻ ചോദ്യങ്ങൾ ഉന്നയിച്ചത്.

1. വീണ വിജയന്റെ മാസപ്പടി കേസ് ബന്ധപ്പെട്ട് മറ്റ് ഏജൻസികൾ നേരത്തെ അന്വേഷണം നടത്തിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഏതൊക്കെ ഏജൻസികൾ ആണ് കേസ് അന്വേഷിച്ചതെന്ന് ഞാൻ ചോദിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി മൗനം പാലിച്ചു. എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന കർണാടക ഹൈക്കോടതി വിധിയിൽ സി.എം.ആർ.എല്ലും വീണ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് 2021 ജനുവരി 29 ന് ഇ.ഡി നൽകിയ വിവരത്തെ തുടർന്നാണ് ആർ.ഒ.സി നോട്ടീസ് അയച്ചതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാണ് മുന്ന് വർഷം ഇഡി അന്വേഷണം മൂടി വച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

2. ഒരു സേവനവും നൻകാതെയാണ് എക്‌സാലോജിക്ക് പണം വാങ്ങിയിരുന്നത്. ഇൻകം ടാക്സ് ഇന്ററീം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് വന്നപ്പോൾ മകളുടെ വാദം കേൾക്കാൻ തയാറായില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മാസപ്പടി വിഷയത്തിൽ ഏതൊക്കെ ഏജൻസികളാണ് അന്വേഷണം നടത്തുന്നതെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും വെളിപ്പെടുത്തുമോ?

3. സി.എം.ആർ.എല്ലിന് പുറമേ വീണയുടെയും എക്സാലോജിക്കിന്റെയും അക്കൗണ്ടുകളിലേക്ക് ചാരിറ്റി സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നും മാസാമാസം പണം ലഭിച്ചിട്ടുണ്ടെന്നും ആർ.ഒ.സി കണ്ടെത്തിയിട്ടുണ്ട്. മകൾക്ക് പണം നൽകിയ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താൻ മടിയിൽ കനമില്ലാത്ത മുഖ്യമന്ത്രിക്ക് ധൈര്യണ്ടോ?

4) വീണയ്ക്കും കമ്പനിക്കും മാസപ്പടി നൽകിയ സ്ഥാപനങ്ങൾക്ക് നികുതി ഇളവ് ഉൾപ്പെടെയുള്ള എന്തെങ്കിലും ആനുകൂല്യങ്ങൾ സർക്കാർ നൽകിയിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാൻ മുഖ്യമന്ത്രി തയാറുണ്ടോ?

5) കരിമണൽ കമ്പനി ഉടമയുടെ ഭാര്യയുടെ സ്ഥാപനമായ എംപവർ ഇന്ത്യ കമ്പനിയിൽ നിന്നും എക്‌സാലോജിക് സ്വീകരിച്ച വായ്പ സംബന്ധിച്ച കണക്കുകളിൽ വ്യക്തതയില്ലെന്നും ആർ.ഒ.സി വെളിപ്പെടുത്തിയിട്ടുണ്ട്. എം.പവർ ബാങ്ക് മുഖേന നൽകിയ വായ്പ മുഴുവനായി വീണയുടെ കമ്പനി അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും വെളിപ്പെടുത്തലുണ്ട്. ആ പണം എവിടെ പോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments