തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കേരളത്തിൽ പുതിയ സംരംഭകർക്ക് പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി . ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആധുനിക സംവിധാനങ്ങൾ ഒരുക്കും. കേരളത്തിലെ പരമ്പരാഗത മേഖലകളും തമ്മിൽ ബന്ധിപ്പിക്കുന്ന സാഹചര്യം വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനു വേണ്ടിയുള്ള എല്ലാ പിന്തുണയും സർക്കാർ നൽകും. ഒരു വിഭാഗത്തെയും കൈവിടില്ല എന്നതാണ് പൊതുവായ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട് നേരിടുന്ന പ്രശ്‌നങ്ങൾ അതിജീവിക്കാനാകണമെന്നും യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാർലമെൻ്ററി ചരിത്രത്തിലെ പുതിയ ഏടായിരുന്നു നവകേരള സദസ്. ആദ്യ യോഗത്തിൽ വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം പൊതുവായി കേരളം എങ്ങനെ ഉയർന്നുവരണം എന്നതിനെക്കുറിച്ച് നിരവധി നിർദ്ദേശങ്ങൾ ഉയർന്നുവന്നു. ഇന്ന് നമ്മൾ നേരിടുന്ന പ്രശ്‌നങ്ങളെ ഏത് രീതിയിൽ അതിജീവിക്കണം എന്നതിനെ കുറച്ച് ധാരണയുള്ളവരായിരിക്കണം യുവജനങ്ങൾ.
നമ്മുടെ യുവജനങ്ങൾ ചരിത്രത്തെ മാറ്റിമറിക്കാൻ കഴിവുള്ളവരാണ്. നമ്മുടെ സാമൂഹ്യ അന്തരീക്ഷം തകരാതെ സംരക്ഷിക്കേണ്ടതുണ്ട്. അത് തകർന്നാൽ ഒന്നും നേടാൻ ആകില്ല എന്ന തിരിച്ചറിവുണ്ടാകണം. മതനിരപേക്ഷ ഒരുമ ഏറ്റെടുക്കാൻ യുവജനങ്ങൾക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന സംവാദ പരിപാടിയായ മുഖാമുഖം പരിപാടിയിൽ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.