അക്ബർ-സീത വിവാദം; വിചിത്ര ഹർജി ഇന്ന് പരിഗണിക്കും

കൊൽക്കത്ത: സിലിഗുഡി സഫാരി പാർക്കിൽ അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കാനുള്ള വനം വകുപ്പ് തീരുമാനത്തിനെതിരെ വിശ്വഹിന്ദുപരിഷത്തിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. കൽക്കട്ട ഹൈക്കോടതിയിലെ ജൽപായ്ഗുഡിയിലെ സർക്യൂട്ട് ബെഞ്ചിലാണ് ഹർജി പരിഗണിക്കുക. സീത എന്ന സിംഹത്തിൻ്റെ പേര് മാറ്റണമെന്ന അപേക്ഷയും കോടതി പരിഗണിക്കും. നടപടി ഹിന്ദുമതത്തെ അപമാനിക്കുന്നതെന്നാണ് വിഎച്ച്പിയുടെ ഹ‍ർജിയിലെ വാദം.

അതേസമയം, ബം​ഗാളിലെ വിഎച്ച്പി നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് വിഎച്ച്പി ദേശീയനേതൃത്വം രം​ഗത്തെത്തി. പശ്ചിമ ബംഗാൾ പ്രീണന രാഷ്ട്രീയത്തിൻ്റെ കേന്ദ്രമായെന്ന് വിഎച്ച്പി കുറ്റപ്പെടുത്തി. സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേര് നൽകിയ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും വിഎച്ച്പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.

ഉത്സവങ്ങൾ സംഘടിപ്പിക്കാനും വിശ്വാസത്തിൻ്റെ കേന്ദ്രങ്ങൾ സംരക്ഷിക്കാനും ഹൈക്കോടതിയിൽ പോകേണ്ട സാഹചര്യമാണെന്നും വിഎച്ച്പി ചൂണ്ടിക്കാണിച്ചു. സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേര് നൽകിയത് അപമാനകരമാണെന്നും ഇക്കാര്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും വിഎച്ച് പി പറഞ്ഞു.

ഫെബ്രുവരി 16 നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിചിത്ര ഹർജി എത്തിയത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാൾ ഘടകത്തിന്റെ ഹർജി ഈ മാസം 20ന് പരിഗണിക്കും. അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്.

പാർക്കിലെ മൃഗങ്ങളെ പേരുകൾ മാറ്റാറില്ലെന്നാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. സംസ്ഥാന വനംവകുപ്പിനേയും ബംഗാൾ സഫാരി പാർക്കിനേയും എതിർ കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജി. പാർക്കിലെത്തുന്നതിന് മുൻപ് തന്നെ സിംഹങ്ങൾക്ക് പേരുണ്ടെന്നാണ് ബംഗാൾ വനംവകുപ്പ് വിശദീകരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments