കൊൽക്കത്ത : ത്രിപുരയിൽ നിന്ന് ബംഗാളിലേക്ക് കൊണ്ടുവന്ന സിംഹങ്ങളുടെ പേരുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ വിചിത്ര ഹർജി . അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന വിചിത്ര ഹർജിയുമായി വിശ്വ ഹിന്ദു പരിഷത്ത് കൊൽക്കത്ത ഹൈക്കോടതിയിൽ എത്തിയത്.
അക്ബർ എന്നത് മുഗൾ ചക്രവർത്തിയുടെ പേരാണ്. സീതയാകട്ടെ ഇതിഹാസമായ രാമായണത്തിന്റെ ഭാഗവും. സീതയെ അക്ബറിനൊപ്പം പാർപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കലാണെന്നാണ് ഹർജിയിൽ പറയുന്നത്. വനം വകുപ്പ് നടപടി ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് ആരോപിക്കുന്നത്. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാൾ ഘടകത്തിന്റേതാണ് ഹർജി. കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിലാണ് വിചിത്ര ഹർജി എത്തിയത്. ഫെബ്രുവരി 16നാണ് ജസ്റ്റിസ് സോഗത ഭട്ടാചാര്യയ്ക്ക് മുന്നിലേക്ക് വിഎച്ച്പി ഹർജിയുമായി എത്തിയത്. കേസ് ഈ മാസം 20ന് പരിഗണിക്കും.
അതേ സമയം ഈ വിചിത്ര ഹർജി വാർത്തകൾ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയ മുഴുവൻ വൻ ചർച്ചയ്ക്ക് ആരംഭം കുറിച്ചിരിക്കുകയാണ്. വിചിത്ര ഹർജിയെക്കുറിച്ചുള്ള വർത്തകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ‘ട്രോളന്മാരും’ പണി തുടങ്ങി. സമൂഹമാദ്ധ്യമങ്ങൾ നിറയെ ഇതുമായി ബന്ധപ്പെട്ടുള്ള ട്രോളുകൾ നിറയുകയാണ്. ഇത്തരം ട്രോളുകൾ വാട്‌സാപ്പിലും ഇൻസ്റ്റഗ്രാമിലും സ്റ്റാറ്റസാക്കിയവരും നിരവധിയാണ്.