ചെന്നൈ : അർബുദത്തിനു വരെ കാരണമാകുന്ന രാസവസ്തുക്കൾ പഞ്ഞി മിഠായികളിൽ സ്ഥിരീകരിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ഞി മിഠായി വിൽപന നിരോധിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. മറീന ബീച്ചിൽ നിന്നു പിടിച്ചെടുത്ത സാംപിളുകളിൽ നിറം വർധിപ്പിക്കുന്നതിനായുള്ള ‘റോഡാമിൻ ബി’ എന്ന രാസവസ്തുവാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നു കൊണ്ടുവന്ന മിഠായികൾ ആരോഗ്യത്തിനു ദോഷകരമാണെന്ന് കണ്ടെത്തിയെന്ന പുതുച്ചേരി ലഫ്.ഗവർണർ തമിഴിസൈ സൗന്ദരരാജന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ചെന്നൈയിലുടനീളം പരിശോധന നടത്തിയത്.
വാണിജ്യാടിസ്ഥാത്തിൻ ഉപയോഗിക്കുന്ന ടെക്സ്റ്റൈൽ ഡൈ ആണു റോഡാമിൻ ബി. റോഡാമിൻ ബിയുടെ സാന്നിധ്യമുള്ള ഭക്ഷ്യ വസ്തുക്കൾ തയാറാക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും വിവാഹം, പൊതു ചടങ്ങുകൾ എന്നിവയിൽ വിതരണം ചെയ്യുന്നതും കുറ്റകരമാണെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു. നിരോധനം കൃത്യമായി നടപ്പാകുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും പറഞ്ഞു.
റോഡാമിൻ ബി സാന്നിധ്യത്തിനു പുറമേ, ഭക്ഷ്യവസ്തുക്കളിൽ ഒരിക്കലും പാടില്ലാത്ത വയലറ്റ് നിറവും പഞ്ഞി മിഠായി സാംപിളുകളിൽ കണ്ടെത്തിയതായി പരിശോധനാ ഫലത്തിൽ സ്ഥിരീകരിച്ചിരുന്നു. റോഡാമിൻ ബി സ്ഥിരമായി ശരീരത്തിൽ പ്രവേശിച്ചാൽ അർബുദത്തിനു പുറമേ അലർജി, അവയവങ്ങളെ ബാധിക്കൽ എന്നീ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും.