KeralaPolitics

ലോക്സഭാ തെരഞ്ഞെടുപ്പ് : മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളിൽ ധാരണയായി

തിരുവന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളിൽ ധാരണയായി. ഇതിന്റെ ഭാ​ഗമായി സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച്, സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകൾ പുറത്ത് വന്നിരിക്കുകയാണ്.

കൊല്ലത്ത് നടനും എംഎൽഎയുമായ മുകേഷ് മത്സരിക്കാനാണ് ധാരണ. പത്തനംതിട്ടയിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസക്ക് ആലപ്പുഴയിൽ സിറ്റിംഗ് എംപി എ എം ആരിഫ് എന്നിവർ മത്സരിക്കാനാണ് ധാരണ. പാലക്കാട്ട് എ വിജയരാഘവൻ മത്സര രംഗത്തേക്ക് വരും.

ആലത്തൂർ കെ രാധാകൃഷ്ണൻ മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റിൽ ധാരണയായത്. കോഴിക്കോട്ട് മുതിർന്ന നേതാവ് എളമരം കരീം മത്സരിക്കുമെന്നാണ് സൂചന. ജില്ലാ കമ്മറ്റിയുടെ പട്ടികയിൽ എളമരം കരീമാണ് ഇടം പിടിച്ചത്. വടകരയിൽ മുൻ മന്ത്രി കെ കെ ശൈലജയെ മത്സരിപ്പിക്കാനാണ് ധാരണ.

കണ്ണൂർ എം വി ജയരാജനും കാസറകോട് എൻ വി ബാലകൃഷ്ണനുമാണ് പട്ടികയിലിടം പിടിച്ചത്.എറണാകുളം, ചാലക്കുടി സീറ്റിൽ ധാരണ ആയില്ല. ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്. ഈ സീറ്റുകളിൽ ഇന്ന് ധാരണയായേക്കും. എന്തായാലും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ സി.പി.എം തയ്യാറായി കഴിഞ്ഞു.

സിപിഎം15, സിപിഐ4, കേരള കോണ്‍ഗ്രസ് (എം)1 എന്നിങ്ങനെയാണ് എല്‍ഡിഎഫില്‍ മത്സരിക്കുന്ന കക്ഷികളും സീറ്റിന്റെ എണ്ണവും. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വന്ന കേരള കോണ്‍ഗ്രസിന് കഴിഞ്ഞ തവണ അവര്‍ യുഡിഎഫ് ടിക്കറ്റില്‍ ജയിച്ച കോട്ടയം ലഭിക്കും.

സിപിഎമ്മും സിപിഐയും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍തന്നെ മത്സരിക്കും. എന്തായാലും രണ്ട് തവണ അധികാരത്തിലുന്ന പിണറി എഫക്ട് ഈ ലോക്സഭാ തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം

Leave a Reply

Your email address will not be published. Required fields are marked *