ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും; ദൗത്യ സംഘം ഇതുവരെ എട്ട് തവണയാണ് ബേലൂര്‍ മഗ്നയെ നേരില്‍ കണ്ടത്

മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഗ്നയെ പിടികൂടുന്നതിനായുള്ള ദൗത്യം ഏഴാം ദിനവും തുടരുകയാണ്. ആന വേഗത്തില്‍ സഞ്ചരിക്കുന്നതും ആനയെ കണ്ടെത്തിയ പ്രദേശവും ദൗത്യത്തിന് പ്രതികൂലമാണ്. ദൗത്യ സംഘം ഇതുവരെ എട്ട് തവണയാണ് ബേലൂര്‍ മഗ്നയെ നേരില്‍ കണ്ടത്. രണ്ട് തവണ മയക്കുവെടി വെച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.

ബേലൂര്‍ മഗ്നക്കൊപ്പമുള്ള മോഴയാന അതീവ അക്രമകാരിയാണെന്നാണ് ദൗത്യ സംഘം നല്‍കുന്ന വിവരം. തോല്‍പ്പട്ടിയിലെയും കാട്ടിക്കുളത്തെയും വനത്തിലൂടെ സഞ്ചരിച്ച് പരിചയമുള്ള ആനയാണ് മോഴയെന്നും വനംവകുപ്പ് പറയുന്നു. പനവല്ലിയിലെ കാപ്പിത്തോട്ടത്തിലാണ് നിലവില്‍ ബേലൂര്‍ മഗ്നയുടെ സാന്നിധ്യമുള്ളത്.

കേരള ദൗത്യ സംഘത്തിനൊപ്പം കര്‍ണാടകയില്‍ നിന്നുള്ള 25 അംഗ ടാസ്‌ക് ഫോഴ്‌സുമുണ്ട്. വനംവകുപ്പിന്റെ നിരവധി ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയ ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയും ഇന്ന് ദൗത്യ സംഘത്തിനൊപ്പം ചേരും.

അടിക്കാടുകള്‍ നിറഞ്ഞ വനമേഖലയിലൂടെയാണ് ആനയുടെ സഞ്ചാരം. ഇന്നലെ ആനയുടെ 100 മീറ്റര്‍ അരികില്‍ വരെ ദൗത്യ സംഘം എത്തിയിരുന്നു. കാട്ടാനയെ ട്രാക്ക് ചെയ്ത വനത്തില്‍ പുലിയുടെ സാന്നധ്യവുമുണ്ട്. ദൗത്യസംഘം കഴിഞ്ഞ ദിവസം രണ്ട് തവണ പുലിയുടെ മുന്നില്‍പെട്ടിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments