തിരുവന്തപുരം : കേന്ദ്രസർക്കാർ കൊണ്ട് വന്ന ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാർ കെ-അരി കൊണ്ടുവരാൻ ശ്രമം നടത്തുന്നു എന്ന് സൂചന. റേഷൻകട വഴി മതിയായ അരി ലഭിക്കാത്ത വെള്ള, നീല റേഷൻ കാർഡുകാർക്ക് ഈ ബദൽ അരി കൊടുക്കുകയാണ് ലക്ഷ്യം.
കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് വെള്ള, നീല റേഷൻ കാർഡുകാർക്ക് നിലവിൽ അരി കൊടുക്കുന്നത്. 29 രൂപയ്ക്ക് ലഭിക്കുന്ന ഭാരത് അരിക്ക് ബദലാകാൻ മലയാളികൾക്ക് പ്രിയപ്പെട്ട ജയ, കുറുവ, മട്ട അരികൾക്ക് സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്.
അതിനാല് മറ്റ് സംസ്ഥാനങ്ങളില് നിന്ന് കുറഞ്ഞ വിലയില് ജയ അരി എത്തിക്കാനാണ് സര് ക്കാര് ലക്ഷ്യമിടുന്നത്. കേരളത്തിലെ കർഷകരിൽ നിന്ന് തന്നെ മട്ടയും കുറുവയും സംഭരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ അരിക്ക് ബ്രാൻഡിംഗും പാക്കിംഗും ഉറപ്പായിരിക്കും. ഈ അരിയുടെ വിതരണം സപ്ലൈകോ വഴിയായിരിക്കും എന്നല്ലാമാണ് സംസ്ഥാന സർക്കാർ വാഗ്ദാനം.
എന്നാൽ പ്രഖ്യാപനം നടത്തിയിട്ട് കാലങ്ങൾ ഒരുപാട് കഴിഞ്ഞ ഇതു വരെയും പുറംലോകം കാണാത്ത ‘കെ അരി’ പുറത്തിറങ്ങാൻ ഇനി എത്ര നാൾ എടുക്കും എന്ന കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല . എന്തായാലും കെ അരിയുടെ കാര്യത്തിൽ സിവിൽ സപ്ലൈസ് ഡയറക്ടർ, സപ്ലൈകോ എം.ഡി., ഭക്ഷ്യവകുപ്പ് സെക്രട്ടറി എന്നിവരോട് ഒരാഴ്ച ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് വിവരം .
അതേ സമയം ഇപ്പോൾ 29 രൂപ നിരക്കിൽ കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന ഭാരത് അരിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അരി വാങ്ങാനായി പലയിടത്തും തിരക്കനുഭവപ്പെടുന്നുണ്ട്. പൊതുവിപണിയിൽ 42 രൂപ വിലയുള്ള അരിയാണ് 29 രൂപയ്ക്ക് വിതരണം ചെയ്യുന്നത്.
കിലോയ്ക്ക് 27.50 രൂപയ്ക്ക് ഭാരത് ആട്ടയും 60 രൂപയ്ക്ക് കടലപരിപ്പും 29 രൂപയ്ക്ക് ഭാരത് അരിയുമാണ് കേന്ദ്ര സർക്കാർ വിപണിയിലെത്തിച്ചത്. രാജ്യത്ത് പട്ടിണി പൂർണമായും തുടച്ചു നീക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ , നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ , കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയ ലേഖനങ്ങൾ വഴിയാണ് ഭാരത് അരിയുടെ പ്രവർത്തനം നടക്കുന്നത്.
ഭാരത് അരി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ ആഴ്ച എത്തും. ഇനി ചെറിയ ടെമ്പോകളിലല്ല, കേരളത്തിലെ 14 ജില്ലകളിലും വലിയ ലോറികളിലാകും അരി കൊണ്ടുവന്ന് വിൽക്കുക. കവലകളിൽ കൊണ്ടുവന്ന് അഞ്ച് കിലോയുടെയും പത്ത് കിലോയുടെയും അരി പായ്ക്കറ്റുകൾ വിൽക്കും. ഇതാണ് കേന്ദ്ര സർക്കാരിൻറെ പ്ലാൻ എയും പ്ലാൻ ബിയുമെല്ലാം.
കടകളിലൂടെയുള്ള വിൽപ്പനയാണ് അടുത്ത ഘട്ടം. കാലടിയിലെ മില്ലിൽ 10,0000 ടൺ അരി റെഡിയായിട്ടുണ്ട്. ഇനി പച്ചരി ആയിരിക്കും ലഭിക്കുകയെന്ന് റിപ്പോർട്ട് ചെയ്തു. ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് ആവശ്യമില്ല. ഒരു മൊബൈൽ നമ്പർ മതി പത്ത് കിലോ അരി കിട്ടാൻ. ഒരു നമ്പരിന് പത്ത് കിലോ അരി വീതം ലഭിക്കും.
തൃശൂർ ജില്ലയ്ക്ക് പിന്നാലെ ഭാരത് അരിയുടെ വിൽപ്പന വ്യാഴാഴ്ച മുതൽ പാലക്കാട് ജില്ലയിൽ ആരംഭിച്ചു. 29 രൂപ നിരക്കിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച അരിയാണ് ഭാരത് അരി. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഇന്നലെ രാവിലെ 10 മണി മുതൽ അരി പൊതുജനങ്ങൾക്ക് ലഭ്യമാക്കി. ഒറ്റത്തവണ ഒരാൾക്ക് പത്ത് കിലോ വരെ അരി ലഭിക്കും. ഭാരത് അരിയ്ക്കൊപ്പം കടലപരിപ്പും വിതരണം ചെയ്യുന്നുണ്ട്. കിലോഗ്രാമിന് 60 രൂപയാണ് കടലപ്പരിപ്പിൻറെ വില. എഫ്സിഐ ഗോഡൗണുകളിൽ നിന്ന് അരിയും പരിപ്പും പ്രത്യേകം പായ്ക്ക് ചെയ്താണ് ജനങ്ങൾക്ക് നൽകുന്നത്.
തൃശൂർ, അങ്കമാലി എഫ്സിഐ ഗോഡൗണുകളിൽ നിന്നുള്ള അരി എറണാകുളം കാലടിയിലെ മില്ലിൽ പോളീഷ് ചെയ്ത ശേഷമാണ് പായ്ക്ക് ചെയ്യുന്നത്. പൊതുവിപണിയിൽ 42 രൂപ വിലയുള്ള പൊന്നി അരിയാണ് 29 രൂപയ്ക്ക് തൃശൂരിൽ ജനങ്ങൾക്ക് വിതരണം ചെയ്തത്.