ബുദ്ധിയില്ലാത്ത കാലം ഞാന്‍ എസ്എഫ്‌ഐ , കുറച്ച് ബുദ്ധി വന്നപ്പോള്‍ കെഎസ്‌യു , അല്‍പം കൂടി ബുദ്ധി വന്നപ്പോള്‍ എബിവിപി ; ശ്രീനിവാസന്‍

തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രം​ഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. തന്റെ കുടുംബം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിച്ച കുടുംബമായിരുന്നുവെന്നും അച്ഛന്റെ തകര്‍ച്ചയോടെ കുടുംബത്തിലെ കമ്യൂണിസവും അവസാനിച്ചുവെന്നും പറയുകയാണ് അദ്ദേഹം .

‘അച്ഛന്‍ ഭയങ്കര സിപിഎമ്മുകാരനായിരുന്നു. അച്ഛന്റെ പ്രധാന ജോലി തന്നെ കോണ്‍ഗ്രസുകാരെ തല്ലാന്‍ പോകുന്നതായിരുന്നു. അദ്ധ്യാപകനാണെങ്കിലും അച്ഛന്‍ തല്ലാന്‍ പോയിട്ടുണ്ട്. അക്കാലത്ത് ഞാന്‍ സ്‌കൂളിലൊക്കെ പഠിക്കുമ്പോള്‍ കുടുംബത്തിന് പാരമ്പര്യമായുള്ളത് പോലെ ചെങ്കൊടിയും പിടിച്ച് തോട്ടുവരമ്പത്തു കൂടെ മുദ്രാവാക്യം വിളിച്ചു നടക്കുമായിരുന്നു.

‘ചെങ്കൊടി തൊട്ടു കളിക്കേണ്ട, ഇത് ചന്ദ്രനിലെത്തിയ കൊടിയാണ്’ എന്നായിരുന്നു മുദ്രാവാക്യം വിളിച്ചിരുന്നത്. അല്‍പം പോലും ബുദ്ധിയില്ലാതിരുന്ന കാലത്ത് ഞാന്‍ എസ്എഫ്‌ഐ ആയിരുന്നു. കുറച്ച് ബുദ്ധി വന്നപ്പോള്‍ ഞാന്‍ കെഎസ്‌യു ആയി. അല്പം കൂടി ബുദ്ധി വന്നപ്പോള്‍ ഞാന്‍ എബിവിപി ആയി’.

‘അച്ഛന്റെ കമ്യൂണിസം അച്ഛന്റെ തകര്‍ച്ചയോടു കൂടി കഴിഞ്ഞു. അത് കണ്ടിട്ടാണ് ഞാന്‍ വരവേല്‍പ്പ് എന്നുപറഞ്ഞ സിനിമ ചെയ്തത്. സ്‌കൂളില്‍ നിന്ന് പെന്‍ഷനായി ഇറങ്ങിയ ശേഷം വീടും സ്ഥലവും വിറ്റ് അച്ഛന്‍ ബസ് വാങ്ങിയ കഥയാണ് വരവേല്‍പ്പ്. അറിയാത്ത പരിപാടി അച്ഛന്‍ ചെയ്തു.

കമ്യൂണിസ്റ്റുകാരനായ അച്ഛന്‍ ബസ് വാങ്ങിയപ്പോള്‍ ബൂര്‍ഷ്വാസിയായി. മുഴുവന്‍ കമ്യൂണിസ്റ്റുകാരും ശത്രുക്കളായി. ബസിന് മുന്നില്‍ കൊടിയും കുത്തി തലശ്ശേരി ബസ് സ്റ്റാന്റില്‍ തടഞ്ഞു വച്ചു. പിന്നീട് ബസ് മുഴുവന്‍ തല്ലിപ്പൊളിച്ചു. പിന്നെ ബസ് ജപ്തി ചെയ്തു. ഇതോടെ കുടുംബത്തിന് കമ്യൂണിസവുമായുള്ള ബന്ധം കുറഞ്ഞു’ ശ്രീനിവാസന്‍ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമ്യൂണിസ്റ്റ് ആശയത്തില്‍ നിന്നും മാറാനുണ്ടായ കാരണം ശ്രീനിവാസന്‍ വെളിപ്പെടുത്തിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments