തിരുവനന്തപുരം: 25,874.39 കോടി കടം എടുത്തത് സംസ്ഥാന ബജറ്റിൽ മറച്ചുവെച്ചുവെന്ന് സി ആൻ്റ് എ ജി. 2021-22 ലെ സി ആൻ്റ് എജി റിപ്പോർട്ട് ഇന്ന് നിയമസഭയിൽ വച്ചിരുന്നു.
ഇക്കാലയളവിൽ കിഫ്ബി എടുത്ത 13066.16 കോടി രൂപയുടെ വായ്പയും പെൻഷൻ കമ്പനി എടുത്ത 11206.49 കോടി രൂപയുടെ വായ്പയും ബിൽ ഡിസ്കൗണ്ടിംഗ് സംവിധാനം വഴി എടുത്ത 1601.72 കോടി രൂപയുടെ വായ്പയും ബജറ്റിൽ വെളിപ്പെടുത്തിയില്ല.
ഇത്തരം ഓഫ് ബജറ്റ് കടമെടുപ്പുകൾ സംസ്ഥാന സർക്കാരിൻ്റെ ബാധ്യതകൾ വർദ്ധിപ്പിക്കുകയും കാലക്രമേണ കടക്കെണിയിലേക്ക് നയിക്കുകയും ചെയ്യും. ഈ കടമെടുപ്പുകൾ ബജറ്റിൽ വെളിപ്പെടുത്താതതിനാൽ അത്തരം ബാധ്യതകളെ കുറിച്ച് നിയമസഭക്ക് അറിവുണ്ടായിരിക്കുകയില്ലെന്നും സി ആൻ്റ് എജി ചൂണ്ടികാട്ടി.
2016 ലെ കിഫ്ബി ആക്റ്റ് സെക്ഷൻ 9 (1) അനുസരിച്ച് കിഫ്ബി എടുക്കുന്ന വായ്പകളുടെ മുതലും പലിശയും തിരിച്ചടക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. പെട്രോളിയം സെസും 50 ശതമാനം മോട്ടോർ വാഹന നികുതിയും കിഫ്ബിയുടെ വായ്പ തിരിച്ചടവിന് സംസ്ഥാന സർക്കാർ നൽകുന്നു.
കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല. സംസ്ഥാന സർക്കാർ ബജറ്റ് വരുമാനം മാറ്റി കിഫ്ബിയുടെ കടബാധ്യതകൾ തീർക്കുന്നതിനാൽ സർക്കാരിൻ്റെ വാദം സ്വീകാര്യമല്ല എന്ന് സി ആൻ്റ് എജി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് കിഫ് ബി യുടെ കടമെടുക്കൽ ബാധ്യതയുമായി ബന്ധമില്ലെന്നായിരുന്നു സർക്കാർ വാദം.
ഇതാണ് സി ആൻ്റ് എ ജി കിഫ്ബി ആക്റ്റിലെ വ്യവസ്ഥകൾ ചൂണ്ടികാണിച്ച് തള്ളിയത്. ബാലഗോപാലിൻ്റെ ബജറ്റ് സുതാര്യമല്ല എന്ന പ്രതിപക്ഷ വാദം ശരിവയ്ക്കുകയാണ് സി ആൻ്റ് എ ജിയും.