മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിർന്ന നേതാവുമായ കമല്‍നാഥ് പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് എന്ന് സൂചന. മകൻ നകുല്‍നാഥും രാജ്യസഭ എം.പി വിവേക് തൻഖിയും കമല്‍നാഥിനൊപ്പം കോണ്‍ഗ്രസ് വിട്ടേക്കും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്. ബി.ജെ.പി ഭരണ തുടർച്ച നേടിയതോടെ കമല്‍ നാഥിനെ സംസ്ഥാന പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. തുടർന്ന് വെറുമൊരു എം.എല്‍.എയായി തുടരാൻ കമല്‍നാഥിന് താല്‍പര്യമില്ലെന്നാണ് അടുത്ത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
സംസ്ഥാനത്ത് ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക് മത്സരിക്കാൻ കമല്‍നാഥ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ദേശീയ നേതൃത്വത്തില്‍ നിന്ന് അനുകൂല മറുപടിയില്ല ലഭിച്ചത്. ഇതോടെയാണ് കമല്‍നാഥ് മകനും അടുത്ത അനുയായികളുടെയും ഒപ്പം കോണ്‍ഗ്രസ് വിടാൻ ഒരുങ്ങുന്നത്.
കമല്‍നാഥ് ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. കമല്‍നാഥിന് രാജ്യസഭ സീറ്റും മകൻ നകുല്‍നാഥിന് ലോക്സഭയിലേക്ക് ബിജെപി സീറ്റും മന്ത്രിസ്ഥാനവുമാണ് ഇപ്പോള്‍ ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
അടുത്തയാഴ്ച്ച കമല്‍നാഥ് കോണ്‍ഗ്രസ് എം.എല്‍.എമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, കമല്‍നാഥിനെ അനുനയിപ്പിക്കാനുള്ള നീക്കം എ.ഐ.സി.സി നടത്തുന്നുണ്ട്.
രാഹുല്‍ഗാന്ധി നയിക്കുന്ന ന്യായ് യാത്ര മാർച്ച് മൂന്നിന് മധ്യപ്രദേശില്‍ കടക്കുന്ന ദിവസം തന്നെ കമല്‍നാഥിനെ ബി.ജെ.പിയിലേക്ക് എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കമല്‍നാഥിലൂടെ മധ്യപ്രദേശില്‍ അടുത്ത തിരിച്ചടി കിട്ടുമോ എന്ന ആശങ്കയിലാണ് നേതൃത്വം. മധ്യപ്രദേശില്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് കമല്‍നാഥ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് കമല്‍നാഥിനെയും കുടുംബത്തെയും പാർട്ടി വിടാൻ പ്രേരിപ്പിക്കുന്നത്.