മലപ്പുറം: സർക്കാരിന്റെ വികസേനട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസ്സിന് പിന്നാലെ മലപ്പുറത്തെ സംഘാടകർ കടക്കെണിയിലായി . ലക്ഷക്കണക്കിന് രൂപയാണ് പരിപാടി സംഘടിപ്പിക്കാൻ ഓരോ മണ്ഡലത്തിലെയും സംഘാടകർക്ക് ചിലവായത് എന്നാണ് പുറത്തുവരുന്ന വിവരം. പരിപാടി നടത്താൻ ആറ് നിയമസഭാ മണ്ഡലങ്ങളിലായി സംഘാടകർക്ക് ചിലവിടേണ്ടിവന്നത് 1.24 കോടി രൂപയാണ്.
കോട്ടയ്ക്കൽ, തിരൂരങ്ങാടി, മലപ്പുറം, മങ്കട, തവനൂർ, വണ്ടൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ചിലവായ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ആകെ 16 മണ്ഡലങ്ങളാണ് ജില്ലയിൽ ഉള്ളത്. ഈ മണ്ഡലങ്ങളിൽ നിന്നുള്ള കണക്കുകൾ കൂടിയാകുമ്പോൾ ജില്ലയിൽ മാത്രം ഭീമമായ തുകയാണ് ചിലവായത് എന്ന് വ്യക്തമാകും. ആറ് മണ്ഡലങ്ങളിൽ പരിപാടിയ്ക്കായി ലഭിച്ചിരിക്കുന്നത് 98 ലക്ഷം രൂപയാണ്. വരവിനേക്കാൾ ചിലവ് അപ്രതീക്ഷിതമായി കൂടിയതാണ് സംഘാടകരെ പ്രതിസന്ധിയിലാക്കിയത്. മലപ്പുറം മണ്ഡലത്തിൽ മാത്രമാണ് ചിലവിനേക്കാൾ വരവ് കൂടുതൽ ഉള്ളത്. ചിവല് കഴിഞ്ഞ് മണ്ഡലത്തിൽ ഇനി 6,90,512 രൂപ ബാക്കിയുണ്ട്.
അഞ്ച് ലക്ഷം രൂപവരെയാണ് ഓരോ മണ്ഡലത്തിലും കടം. ഇതിൽ ഏറ്റവും കുറവ് കടം ഉള്ളത് വണ്ടൂരാണ്. 195 രൂപയാണ് ഈ മണ്ഡലത്തിലെ കടം. തിരൂരങ്ങാടി, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങളിൽ അഞ്ച് ലക്ഷം രൂപയാണ് കടമായത്. കോട്ടയ്ക്കൽ മണ്ഡലത്തിൽ ചിലവായ തുകയ്ക്ക് കണക്കുണ്ടെങ്കിലും പിരിച്ച പണത്തിന്റെ കണക്ക് ലഭ്യമല്ല.
പരിപാടിയുടെ പന്തൽ നിർമ്മാണത്തിനാണ് ഏറ്റവും കൂടുതൽ പണം ചിലവായിട്ടുള്ളത്. ആകെ ചിലവിന്റെ 40 ശതമാനത്തോളമാണ് പന്തലുപണിയ്ക്കായി ചിലവായത്. ഭക്ഷണത്തിനായി ഒന്നു മുതൽ മൂന്നേകാൽ ലക്ഷം രൂപ വരെയാണ് സംഘാകർക്ക് ചിലവ് വന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള വിഹിതവും സ്ഥാപനങ്ങളും വ്യക്തികളും നൽകിയ സംഭാവനകളും കൊണ്ടാണ് നവകേരള സദസ്സ് നടത്തിയത്.