കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) അന്വേഷണം കടുപ്പിക്കുന്നു.
ഉടനെചോദ്യം ചെയ്യുമെന്ന് മുന്നില്‍ കണ്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വീണവിജയന്റെ കമ്പനി എക്‌സലോജിക്.
അതേസമയം, വീണ വിജയന്റെ സമ്പാദ്യങ്ങളെ കുറിച്ചും അന്വേഷണം ഊര്‍ജിതമാകുകയാണ്. പിണറായിയില്‍ 80 സെന്റും സ്ഥലവും കഴക്കൂട്ടത്ത് 3040 സ്‌ക്വയര്‍ ഫീറ്റ് ഫ്‌ളാറ്റും വീണ വിജയന്റെ പേരില്‍ ഉണ്ട്. രണ്ടും പാരമ്പര്യ സ്വത്തല്ല.
രണ്ടും വീണ പണം കൊടുത്ത് വാങ്ങിയതെന്ന് വ്യക്തം. ഇതിന്റെ സാമ്പത്തിക സ്രോതസ്സാണ് പരിശോധിക്കുന്നത്. 1.10 കോടിയാണ് കഴക്കൂട്ടത്തെ ഫ്‌ളാറ്റിന്റെ വില. ഇതുള്‍പ്പെടെ 1.28 കോടിയാണ് വീണയുടെ ആസ്തി.
എക്‌സാ ലോജിക്കില്‍ 1 ലക്ഷം രൂപയുടെ ഷെയറും കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ 5 ലക്ഷം രൂപയുടെ ഷെയറും വീണയുടെ പേരില്‍ ഉണ്ട്. 2014 ല്‍ ബാഗ്ലൂരില്‍ ആരംഭിച്ച വീണയുടെ എക്‌സാ ലോജിക്ക് കമ്പനിയില്‍ 18 സ്റ്റാഫുകളും ഉണ്ട്.
വീണയുടെ പേരില്‍ സ്വന്തമായി വാഹനം ഇല്ല. 2014 സെപ്റ്റംബറില്‍ ആരംഭിച്ച എക്‌സാ ലോജിക്ക് കമ്പനി തുടങ്ങിയ വീണ 2016-17 ല്‍ 8.25 ലക്ഷവും 2017- 18ല്‍ 10.42 ലക്ഷവും 2018-19 ല്‍ 28.68 ലക്ഷവും 2019 – 20 ല്‍ 30.72 ലക്ഷവും 2020- 21ല്‍ 29.94 ലക്ഷവും വരുമാനം നേടിയെന്നാണ് ഇന്‍കംടാക്‌സ് സ്റ്റേറ്റ്‌മെന്റില്‍ കാണിച്ചിരിക്കുന്നത്.
ഇതിനിടെ, തന്റെ ഭാര്യയുടെ വിരമിക്കൽ ആനുകൂല്യം ഉപയോഗിച്ചാണു മകൾ കമ്പനി തുടങ്ങിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ തെളിവുകളുമായി കേസിലെ പരാതിക്കാരൻ ഷോൺ ജോർജ് രംഗത്തെത്തി.
എക്സാലോജിക് കമ്പനിയുടെ 2021–22 ലെ ബാലൻസ് ഷീറ്റിൽ ഓഹരി മൂലധനമായി കാണിച്ചിരിക്കുന്നത്, 10,000 രൂപയുടെ 10 ഓഹരികളായി ഒരു ലക്ഷം രൂപയാണ്. വീണ മാത്രമാണ് ഷെയർ ഹോൾഡർ. ഇതു കൂടാതെ 78.47 ലക്ഷം രൂപ ഏക ഡയറക്ടറായ വീണയിൽനിന്നു ദീർഘകാല വായ്പയായി കമ്പനിക്കു ലഭ്യമാക്കിയിട്ടുണ്ട്.
അമ്മയുടെ വിരമിക്കൽ ആനുകൂല്യത്തിൽനിന്നു നൽകിയതാണ് ഈ തുകയെങ്കിൽ കൈമാറിയതിനുള്ള ബാങ്ക് രേഖകൾ ഹാജരാക്കേണ്ടിവരും.