ലഖ്‌നൗ: ഹൈന്ദവ സമൂഹത്തിന് കാശിയും മഥുരയും വേണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കെയാണ് മറ്റ് സ്ഥലങ്ങളെയും ലക്ഷ്യമാക്കിയുള്ള യോഗിയുടെ പ്രസ്താവന.
രാജ്യത്തെ ഹൈന്ദവ സമൂഹത്തിന്റെ മുന്‍ഗണന പട്ടികയില്‍ അടുത്തത് മഥുരയിലെ കൃഷ്ണ ജന്‍മഭൂമിയാണെന്ന് യോഗി നിയമസഭയില്‍ വ്യക്തമാക്കി. അയോധ്യ, കാശി, മഥുര എന്നിവയാണ് ഈ മൂന്നു സ്ഥലങ്ങള്‍. ഈ പ്രദേശങ്ങളിലെ വികസനം തടയുന്ന മനോനിലയാണ് എതിരാളികള്‍ക്കെന്നും യോഗി ആഞ്ഞടിച്ചു.
‘അയോധ്യ രാമക്ഷേത്രത്തിലെ ചടങ്ങ് രാജ്യം മുഴുവന്‍ അതിയായ സന്തോഷത്തോടെ സ്വീകരിക്കുന്നത് നമ്മള്‍ കണ്ടതാണ്. മുന്‍സര്‍ക്കാരുകള്‍ അയോധ്യയെ എങ്ങനെയാണ് സമീപിച്ചതെന്നും നമുക്കറിയാം.
അവര്‍ അയോധ്യയെ നിരോധനങ്ങളുടെയും കര്‍ഫ്യൂവിന്റെയും പരിധിയില്‍ കൊണ്ടുവന്നു. നൂറ്റാണ്ടുകളോളം അയോധ്യ ഇത്തരം അനീതികള്‍ നേരിട്ടു. വിശദമായി പറഞ്ഞാല്‍ 5000 വര്‍ഷം നീണ്ടുനിന്ന അനീതിയെക്കുറിച്ചും പറയേണ്ടി വരും. പാണ്ഡവരും അനീതി നേരിട്ടവരാണല്ലോ.
കൃഷ്ണന്‍ കൗരവരുടെ അടുത്തുപോയി ഒരു ഒത്തുതീര്‍പ്പിനു ശ്രമിച്ചു. എല്ലാ സ്ഥലവും നിങ്ങള്‍ പിടിച്ചുവച്ചോളൂ, അഞ്ച് ഗ്രാമങ്ങളെങ്കിലും തരൂ എന്നായിരുന്നു ഒത്തുതീര്‍പ്പ്. എന്നാല്‍ ദുര്യോധനന്‍ വിസമ്മതിച്ചു. ഇന്നിപ്പോള്‍ മൂന്നെണ്ണത്തിന്റെ കാര്യം മാത്രമാണ് ചോദിച്ചത് അയോധ്യ, കാശി, മഥുര. ഞങ്ങളുടെ വിശ്വാസത്തിന്റെ മൂന്ന് കേന്ദ്രങ്ങളാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. വര്‍ഷങ്ങളായി ഭൂരിപക്ഷം ഹിന്ദുക്കളും തങ്ങളുടെ വിശ്വാസങ്ങള്‍ക്കായി അപേക്ഷിക്കുകയാണ്. വോട്ടു ബാങ്ക് രാഷ്ട്രീയമാണ് സ്ഥിതിഗതികള്‍ക്കു കാരണം. രാഷ്ട്രീയവും വോട്ടുമൊക്കെയാണ് തര്‍ക്കങ്ങള്‍ക്കു വഴിയൊരുക്കുന്നത്.
അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ചപ്പോള്‍ ഈ രാജ്യത്തെ ജനങ്ങളെല്ലാം സന്തോഷിച്ചു. ഞങ്ങളുടേത് വെറും വാഗ്ദാനം മാത്രമല്ല. അത് നടപ്പിലാക്കുകയും ചെയ്തു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നേരത്തേ തന്നെ നടക്കുമായിരുന്നു. പക്ഷേ അയോധ്യ, മഥുര, കാശി എന്നവിടങ്ങളിലെ വികസനം തടസപ്പെടുത്തുന്ന സമീപനമാണ് മുന്‍സര്‍ക്കാരുകള്‍ സ്വീകരിച്ചത്.
ഈ മൂന്നു പ്രദേശങ്ങളും വിശ്വാസപരമായി വളരെ പ്രാധാന്യമുള്ളവയാണ്. അവിടെ രാഷ്ട്രീയം കൊണ്ടുവന്നപ്പോഴാണ് ഭിന്നിപ്പുണ്ടായത്.
വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാ കോടതി ഉത്തരവിനെ തുടര്‍ന്ന് 30 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ആഴ്ച, പള്ളിയുടെ നിലവറകളിലൊന്നില്‍ ഹിന്ദു മതവിശ്വാസികള്‍ പ്രാര്‍ഥന പുനരാരംഭിച്ചിരുന്നു. കോടതി ഉത്തരവ് വന്നു മണിക്കൂറുകള്‍ക്കുശേഷം പുലര്‍ച്ചെ മൂന്നു മണിക്കാണ് പ്രാര്‍ഥന നടന്നത്. ദിവസങ്ങള്‍ക്കകമാണ് യോഗിയുടെ പ്രസ്താവന വരുന്നത്. പ്രാര്‍ഥനകള്‍ നടന്ന നിലവറ തൊട്ടടുത്തുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിലെ നന്ദി വിഗ്രഹത്തിന് അഭിമുഖമായാണ്.
പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ഥിക്കാനുള്ള അനുമതിക്കായി ഹിന്ദു മതവിശ്വാസികളായ ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. അതേസമയം, ഗ്യാന്‍വാപി പള്ളിയിലെ പൂജയുമായി ബന്ധപ്പെട്ട് പള്ളി കമ്മിറ്റി നല്‍കിയ അപ്പീല്‍ ഈ മാസം 12ന് പരിഗണിക്കുമെന്ന് ഇന്ന് അലഹാബാദ് ഹൈക്കോടതി അറിയിച്ചു.
മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് ഇരിക്കുന്നിടത്താണ് ശ്രീകൃഷ്ണ ഭഗവാന്റെ ജന്മസ്ഥലമെന്നും അവിടെ മുന്‍പുണ്ടായിരുന്നത് ഹിന്ദുക്ഷേത്രമാണെന്നതുമാണ് അലഹാബാദ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള മറ്റൊരു ഹര്‍ജിയിലെ പ്രധാന വാദം. താമരയുടെ ആകൃതിയിലുള്ള ഒരു സ്തംഭം നിലവിലുണ്ടെന്നും കൃഷ്ണന്‍ ജനിച്ച രാത്രിയില്‍ അദ്ദേഹത്തെ സംരക്ഷിച്ച ഹൈന്ദവ ദേവന്മാരില്‍ ഒരാളായ ശേഷനാഗിന്റെ ചിത്രവും പള്ളിക്ക് അടിയിലുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. മസ്ജിദിന്റെ തൂണിന്റെ ചുവട്ടില്‍ ഹിന്ദുമത ചിഹ്നങ്ങളും കൊത്തുപണികളും കാണാം. അതുകൊണ്ടുതന്നെ പള്ളിയില്‍ പരിശോധന നടത്താന്‍ ഒരു കമ്മിഷനെ നിയമിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.