തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റില്‍ പറഞ്ഞ ‘പ്ലാന്‍ ബി’യെക്കുറിച്ച് ആശങ്കയിലായി ജീവനക്കാരും പെന്‍ഷന്‍കാരും.
ജീവനക്കാരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം പിടിച്ച് പ്രത്യേകനിധി രൂപികരിക്കാനുള്ള നീക്കം ‘പ്ലാന്‍ ബി’യില്‍ സജീവ പരിഗണനയിലാണ്.
25000 രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്ന പെന്‍ഷന്‍കാരില്‍ നിന്നും നിശ്ചിത ശതമാനം പിടിക്കും. ധന പ്രതിസന്ധിയെ തുടര്‍ന്ന് ഈ സാമ്പത്തിക വര്‍ഷം ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും നിശ്ചിത ശതമാനം പിടിക്കാനുള്ള ധനവകുപ്പ് നീക്കം മലയാളം മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ധന വകുപ്പിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ അങ്ങനൊരു നീക്കമില്ലെന്ന് ബാലഗോപാല്‍ നിഷേധകുറിപ്പ് ഇറക്കിയെങ്കിലും പ്ലാന്‍ ബി യില്‍ പ്രത്യേക നിധി രൂപികരണം വീണ്ടും ഇടം പിടിച്ചു. 5 വര്‍ഷം കൂടുമ്പോള്‍ ലഭിക്കേണ്ട ശമ്പള പരിഷ്‌കരണം 10 വര്‍ഷത്തിലൊരിക്കല്‍ മതി എന്ന നിലപാടാണ് ചീഫ് സെക്രട്ടറിക്കും ധന സെക്രട്ടറിക്കും. കേന്ദ്രത്തില്‍ 10 വര്‍ഷം കൂടുമ്പോഴാണ് ശമ്പള പരിഷ്‌കരണം എന്നും അതേ മാതൃക കേരളത്തിലും സ്വീകരിക്കണം എന്നാണ് ഇരുവരുടേയും നിലപാട്.
ബാലഗോപാല്‍ പ്ലാന്‍ ബിയില്‍ ശമ്പള പരിഷ്‌കരണം 10 വര്‍ഷത്തിലൊരിക്കല്‍ മതി എന്നത് സ്ഥാനം പിടിച്ചു കഴിഞ്ഞു. പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക , ഡി.എ പരിഷ്‌കരണ കുടിശിക എല്ലാം അടുത്ത സര്‍ക്കാരിന്റെ തലയില്‍ വയ്ക്കുകയാണ് പ്ലാന്‍ ബി യില്‍.
2024- 25ല്‍ ഏപ്രില്‍ നല്‍കുമെന്ന പറഞ്ഞ 2 ശതമാനം ഡി.എ കൊണ്ട് ജീവനക്കാരും പെന്‍ഷന്‍കാരും തൃപ്തിപെടേണ്ടി വരും. ശമ്പളം പിടിക്കുന്നതിന് സ്ലാബ് സിസ്റ്റം ഏര്‍പ്പെടുത്താനാണ് നീക്കം. അടിസ്ഥാന ശമ്പളം 30000 രൂപയില്‍ താഴെയുള്ളവരില്‍ നിന്ന് 5 ശതമാനവും 30,000 മുതല്‍ 50000 വരെ 10 ശതമാനവും 50000 മുതല്‍ 1 ലക്ഷം വരെ 15 ശതമാനവും അതിന് മുകളില്‍ 20 ശതമാനവും പിടിക്കാനാണ് നീക്കം.