അന്വേഷണം തടയണം: എസ്.എഫ്.ഐ.ഒക്കെതിരെ കോടതിയെ സമീപിച്ച് വീണ വിജയന്‍

ബംഗളൂരു: എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ വീണാ വിജയൻ കോടതിയിൽ. എക്സാലോജിക് സൊല്യൂഷൻസിനെതിരെയുള്ള അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിലാണ് വീണ ഹരജി നൽകിയത്. കർണാടക ഹൈക്കോടതി അഭിഭാഷകൻ മനു പ്രഭാകർ കുൽക്കർണിയാണ് ഇന്ന് റിട്ട് ഹരജി ഫയൽ ചെയ്തത്.

അന്വേഷണത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി വിവരങ്ങള്‍ തേടുകയാണ് എസ്.എഫ്.ഐ.ഒ സംഘം. അന്വേഷണത്തില്‍ എക്സാലോജിക്കില്‍നിന്ന് വിവരങ്ങള്‍ തേടുന്നതിനായി വീണ വിജയന് നോട്ടീസ് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള എക്സാലോജിക്കിന്‍റെ ഹര്‍ജി. ഹര്‍ജി കര്‍ണാടക ഹൈക്കോടതി നാളെ പരിഗണിക്കും.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസിലാണ് കേന്ദ്രസർക്കാർ എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന നടന്നിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു ഇവിടേയും പരിശോധന. അതേസമയം, മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം.

അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സി.പി.എം പിന്തുണ. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്.എഫ്.ഐ.ഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുകയാണ്.

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരായ മാസപ്പടി കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും ശേഖരിച്ച വിവരങ്ങളിൽ എസ്.എഫ്.ഐ.ഒ സംഘം പരിശോധന തുടരുകയാണ്. ഇതിനിടെയാണിപ്പോള്‍ അന്വേഷണത്തിനെതിരെ എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെയാണ് കെഎസ്ഐഡിസിയുടെ കോർപറേറ്റ് ഓഫീസിൽ എസ്.എഫ്.ഐ.ഒ സംഘം പരിശോധന നടത്തിയത്.

സിഎംആർഎല്ലിൽ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ്, സംഘം കെ.എസ്.ഐ.ഡി.സിയിൽ എത്തിയത്. എക്സാലോജിക്കിൽ നിന്ന് വിവരങ്ങൾ തേടാനുള്ള നടപടിയും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. നേരിട്ട് ഹാജരാകാനോ, രേഖകൾ സമർപ്പിക്കാനോ നിർദ്ദേശിച്ച് വീണയ്ക്ക് ഉടൻ നോട്ടീസ് നൽകിയേക്കും. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സിയും നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഉടൻ മറുപടി നല്‍കും.

വേണ്ട രേഖകളുടെ വിശദാംശങ്ങൾ നേരത്തെ തന്നെ കെ.എസ്.ഐ.ഡി.സിയെ അറിയിച്ചിരുന്നു. എസ്.എഫ്.ഐ.ഒ ആവശ്യപെട്ട എല്ലാ രേഖകളും നൽകിയെന്ന് കെ.എസ്.ഐ.ഡി.സി അറിയിച്ചു.

ഇന്നലെയാണ് എസ്.എഫ്.ഐ.ഒ സംഘം കെ.എസ്.ഐ.ഡി.സിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ പരിശോധന നടത്തിയത്. മാസപ്പടി വിവാദത്തിലെ അന്വേഷണത്തിന് എട്ട് മാസത്തെ സമയമാണ് എസ്.എഫ്.ഐ.ഒക്ക് നൽകിയിട്ടുള്ളത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments