കോഴിക്കോട്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ച എൻഐടി പ്രൊഫസർ ഷൈജാ ആണ്ടവനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കുന്നമംഗലം പൊലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും.

അദ്ധ്യാപികയുടെ വിലാസം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കഴിഞ്ഞ ദിവസം എൻ.ഐ.ടി രജിസ്ട്രാർ പൊലീസിന് കൈമാറിയിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ ആധികാരികത, വിമർശനാത്മകമായ കമന്റ് ഇടാനുള്ള സാഹചര്യം എന്നീ കാര്യങ്ങൾ വിശദമായി ചോദിച്ചറിയാനാണ് ഷൈജാ അണ്ടവനെ പൊലീസ് വിളിച്ച് വരുത്തുക.

ഇവർക്കൊപ്പം പോസ്റ്റിന് കമന്റുകൾ ഇട്ട മറ്റുളളവരുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം, ഷൈജ ആണ്ടവൻ അവധിയിൽ ആണെന്നാണ് എൻഐടി അധികൃതർ നൽകുന്ന വിശദീകരണം.

‘ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്. ഇതോടെ അദ്ധ്യാപികയ്ക്ക് നേരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലെ പ്രൊഫസറാണ് ഷൈജാ ആണ്ടവൻ.