ബംഗളൂരു : കർണാടകയിൽ നദിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതന വിഗ്രഹങ്ങൾ കണ്ടെടുത്തു . റായ്ച്ചൂർ ജില്ലയിലെ ദേവസുഗൂർ ഗ്രാമത്തിനടുത്തുള്ള നദിയിൽ നിന്നും വിഷ്ണു വിഗ്രഹവും ശിവലിംഗവുമാണ് കണ്ടെത്തിയത്. നിലവിൽ നദിയ്ക്ക് കുറുകെയുള്ള പാലത്തിൻ്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി മണ്ണെടുക്കുന്നതിനിടെയാണ് വിഗ്രഹവും ശിവലിംഗവും തൊഴിലാളികൾ കണ്ടത്.
ഇരു വിഗ്രഹങ്ങൾക്കും നൂറ്റാണ്ടുകൾ പഴക്കമുണ്ട്. ഇവ പുരാവസ്തു വകുപ്പ് അധികൃതർ പരിശോധിച്ചുവരികയാണ്. വിഷ്ണുവിൻ്റെ ദശാവതാര വിഗ്രഹമാണ് കണ്ടെടുത്തത്. ഇത് അയോദ്ധ്യ രാമക്ഷേത്രത്തിലെ രാംലല്ലയുമായി സാമ്യം ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കരിങ്കല്ലിലാണ് വിഗ്രഹം തീർത്തിരിക്കുന്നത്. പീഠത്തിൽ സ്ഥാപിച്ചിരിക്കുന്ന വിഷ്ണു ശിൽപ്പത്തിന് ചുറ്റും മത്സ്യം, കർമ്മം, വരാഹ, നരസിംഹം, വാമനൻ, രാമൻ, കൃഷ്ണൻ, ബുദ്ധൻ, കൽക്കി എന്നിവയുൾപ്പെടെ പത്ത് അവതാരങ്ങളുടെ ചിത്രം കൊത്തിവച്ചിട്ടുണ്ട്. ആഗമങ്ങളിൽ പറഞ്ഞിരിക്കുന്ന ഭാവത്തിലാണ് വിഗ്രഹം എന്ന് അൻഷ്യൻ്റ് ഹിസ്റ്ററി ആൻഡ് ആർക്കിയോളജി വിഭാഗം അദ്ധ്യാപിക ഡോ. പത്മജ ദേശായി പറഞ്ഞു.