കൊച്ചി: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രൂക്ഷവിമർശനം. ആമ്പല്ലൂരിൽ നടന്ന എസ്എൻഡിപി യോഗത്തിലാണ് വിമർശനമുന്നയിച്ചത്.
പിണറായി വിജയന്റെ ഔദാര്യത്തിൽ മന്ത്രിയായ ആളാണ് ഗണേഷ്. സ്വന്തം തട്ടകത്തിൽ അല്ലാതെ മറ്റെവിടെയെങ്കിലും ജയിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്നും വെള്ളാപ്പള്ളി പരിഹസിച്ചു. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത് എന്നും വെള്ളാപ്പള്ളിയുടെ മുന്നറിയിപ്പ്.
ഗണേഷ് സ്വന്തം സമുദായത്തെ നന്നാക്കിയാൽ മതി, തന്റെ സമുദായം നന്നാക്കാൻ വരണ്ടെന്നും വെള്ളാപ്പള്ളിയുടെ വിമർശനം. എസ്എൻഡിപിയുമായി ബന്ധപ്പെട്ട് ഗണേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമർശനം. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്എൻഡിപിയുടെ ഒരു പൊതുവേദിയിലാണ് വെള്ളാപ്പള്ളി നടേശൻ ഗണേഷ് കുമാറിനെതിരെ തുറന്നടിച്ചത്.