​ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റി ; സിപിഎം നേതാവിന്റെ മകന് വെറും 1000 രൂപ പിഴ

കോഴിക്കോട് ​: ​ഗോവാ ​ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയിട്ടും ജൂലിയസ് നികിതാസിനെതിരെ നിസാന് നിസാര പിഴ ചുമത്തി പോലീസ് . വി.വി.ഐ.പി.യുടെ വാഹനത്തിന് മാർഗതടസ്സം ഉണ്ടാക്കിയതിനാണ് പിഴയീടാക്കിയത്. കാർ ഓടിച്ച യുവാവിനെയും കാറും കസബ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിൽ കേസെടുക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് കോഴിക്കോട് ജില്ലയിലെ ഉന്നത സി.പി.എം. നേതാവിന്റെ മകനാണ് ജൂലിയസ് നികിതാസ് എന്നറിഞ്ഞതോടെ 1000 രൂപ പിഴയീടാക്കി വാഹനം വിട്ടുകൊടുക്കുകയായിരുന്നു.

ഞായറാഴ്ച കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനുസമീപം രാത്രി 8.30-നായിരുന്നു സംഭവം. സെഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ കയറിയത് സുരക്ഷാവീഴ്ചയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഞായറാഴ്ചതന്നെ സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണയ്ക്ക് റിപ്പോർട്ട്‌ നൽകി. വിവാദമാകാതിരിക്കാൻ സംഭവം അതി രഹസ്യമാക്കിവെച്ചിരിക്കുകയാണ് പോലീസ്.

ഇൻസ്പെക്ടർ റാങ്കിലുള്ള പോലീസ് ഓഫീസറുടെ അകമ്പടിയും അഡ്വാൻസ് പൈലറ്റും ഒപ്പം മറ്റൊരു അകമ്പടിവാഹനവുമുള്ള സെഡ് കാറ്റഗറി സുരക്ഷയാണ് ഗവർണർക്കുള്ളത്. ഇതിനുപുറമേ ആംബുലൻസ്, അഗ്നിസുരക്ഷാസേനാംഗങ്ങൾ എന്നിവരും ഒപ്പമുണ്ടാകും. ഇത്തരത്തിൽ സുരക്ഷയൊരുക്കിയ വാഹനവ്യൂഹത്തിലേക്കാണ് കാറോടിച്ചുകയറ്റിയത്. മാറാട് അയ്യപ്പഭക്തസംഘം ഹിന്ദു സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ബേപ്പൂർ ബി.സി. റോഡിലുള്ള എടത്തൊടി കൃഷ്ണൻ മെമ്മോറിയൽ ഹാളിൽനിന്ന് രാത്രി തിരിച്ച് തിരുത്തിയാടുള്ള വീട്ടിലേക്ക് ഗവർണർ വരുന്നവഴിയായിരുന്നു സംഭവം.

അതേ സമയം, ഇത്തരമൊരു സുരക്ഷാവീഴ്ച ഉണ്ടായതായി തനിക്കറിയില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണ പ്രതികരിച്ചു. ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റിയ വിവരം ഗോവ രാജ്ഭവൻവൃത്തങ്ങൾ സ്ഥിരീകരിച്ചു. “അകമ്പടി പോകുന്ന പോലീസുകാർ രണ്ടുപ്രാവശ്യം ആവർത്തിച്ച് യുവാവിനെ വിലക്കുന്നത് കണ്ടു. എന്നാൽ, ഇത് അനുസരിക്കാതെയാണ് കാർ വാഹനവ്യൂഹത്തിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇത് ബോധപൂർവമുള്ള ശ്രമമായിട്ടാണ് ഗവർണർക്ക് തൊട്ടുപിന്നിലായി സഞ്ചരിച്ച ഞങ്ങൾക്കു മനസ്സിലായത്. പോലീസ് ഇതിൽ ഇടപെടുന്നതും കാർ തടഞ്ഞുവെക്കുന്നതും കണ്ടതിനാൽ ഞങ്ങൾ പിന്നീട് ഇതിൽ കൂടുതൽ ഇടപെടാനോ അന്വേഷിക്കാനോ പോയിട്ടില്ല” -ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി ടി.എച്ച്. വത്സരാജ് പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments