ഡൽഹി : 38ാം തവണയും ലാവലിൻ കേസ് മാറ്റി . മുതിർന്ന അഭിഭാഷകർക്ക് വക്കാലത്ത് മാറ്റാൻ സമയം അനുവദിച്ചു കൊണ്ടാണ് കേസ് വീണ്ടും മാറ്റിയത്. മെയ് ഒന്നിന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.
38-ാം തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റുന്നത്. കേസ് 30ലധികം തവണ മാറ്റിവെച്ചതാണെന്നും കേസ് നീട്ടുന്നത് അനീതിയാണെന്നും കോടതിയിൽ ഹാജരായ കക്ഷികളിൽ ഒരാൾ ചൂണ്ടിക്കാട്ടി. കേസ് വാദിക്കാൻ താൽപര്യമില്ലെന്ന് ഒരു കക്ഷിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, കോടതി ഏത് സമയത്ത് പറഞ്ഞാലും വാദിക്കാൻ തയാറാണെന്ന് സി.ബി.ഐയും വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റമുക്തരാക്കിയ 2017ലെ ഹൈകോടതി വിധിക്കെതിരെയുള്ള സി.ബി.ഐയുടെ ഹരജിയും ഹൈകോടതി ഉത്തരവു പ്രകാരം വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവ് വേണമെന്ന് ആവശ്യപ്പെടുന്ന ഹരജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
2017 ആഗസ്റ്റ് 23നാണ് ലാവലിൻ കേസിൽ പിണറായി വിജയൻ, ഉദ്യോസ്ഥരായിരുന്ന കെ. മോഹനചന്ദ്രൻ, കെ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈകോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. കൂടാതെ, ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, എം.വി. രാജഗോപാൽ, ആർ. ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു.
ഹൈകോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബർ 19നാണ് സി.ബി.ഐ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ അടക്കമുള്ളവർ നൽകിയ അപ്പീലിൽ വിചാരണ നേരിടണമെന്ന ഉത്തരവ് സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസ് വാദം കേൾക്കുന്നത് നിരവധി തവണ മാറ്റിയിരുന്നു.