ഡല്‍ഹി: ഉത്തർപ്രദേശിലെ ബാഗ്വത് ജില്ലയിലെ ലക്ഷഗൃഹ- ഖബ്രിസ്ഥാൻ തർക്ക കേസിൽ വിധി ഹിന്ദു വിഭാഗത്തിന് അനുകൂലം . 53 വർഷം നീണ്ട വിചാരണയ്‌ക്കൊടുവിൽ ഇസ്ലാം വിശ്വാസികൾ ഖബ്രിസ്ഥാൻ എന്നു വിശേഷിപ്പിക്കുന്ന ബർണാവയിലെ പ്രദേശം മഹാഭാരത കാലത്തെ അരക്കില്ലമാണെന്ന് കോടതി കണ്ടെത്തി.
ജില്ലാ സെഷൻസ് കോടതിയാണ് ഹിന്ദു പക്ഷത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇവിടെ വച്ചാണ് പാണ്ഡവരെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമം നടന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പുരാവസ്തു വകുപ്പിൻ്റെ സർവേയിൽ മഹാഭാരത കാലഘട്ടത്തിൻ്റെ നിരവധി തെളിവുകൾ ഇവിടെ നിന്നും കണ്ടെത്തിയെന്നാണ് റിപ്പോർട്ട് .
അതേ സമയം 53 വർഷങ്ങളായി വാദം നടന്നുകൊണ്ടിരിക്കുന്ന കേസായിരുന്നു ഇത്. 1970-ൽ ബർണാവ നിവാസിയും വഖഫ് ബോർഡിലെ ഉദ്യോഗസ്ഥനുമായ മുക്കിം ഖാൻ മീററ്റിലെ സർദാനയാണ് കേസ് ഫയൽ ചെയ്തത്. ലക്ഷഗൃഹ് ഗുരുകുലത്തിൻ്റെ സ്ഥാപകനായ ബ്രഹ്മചാരി കൃഷ്ണദത്ത് മഹാരാജിനെ പ്രതിയാക്കിക്കൊണ്ട് മുക്കിം ഖാനാണ് കേസ് ഫയൽ ചെയ്തത്. ശൈഖ് ബദ്‌റുദ്ദീൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ലക്ഷഗൃഹ് ഗുരുകുലം സ്ഥിതി ചെയ്യുന്ന ബർണാവയിലെ കുന്നിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ പ്രസ്തുത ഹർജിയെ പ്രതിരോധിച്ച് ഹിന്ദു വിഭാഗവും രംഗത്തെത്തി. ഇത് മഹാഭാരതത്തിലെ പാണ്ഡവരുമായി ബന്ധപ്പെട്ട അരക്കില്ലമെന്ന ലക്ഷഗൃഹമാണെന്നാണ് ഹിന്ദുക്കൾ വാദിച്ചു.
മഹാഭാരത കാലഘട്ടത്തിലെ ഒരു തുരങ്കം ഇവിടെയുണ്ടെന്നും ഇവിടെ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളിലെ ചുമരുകൾ പുരാണകാലത്ത് നിർമ്മിച്ചവയാണെന്നും ഹിന്ദു വിഭാഗം അവകാശപ്പെട്ടിരുന്നു. പുരാതനമായ കുന്നും ഇവിടെയുണ്ട്. പ്രധാനപ്പെട്ട പുരാവസ്തുക്കളും ഇവിടെ നിന്ന് പുരാവസ്തു വകുപ്പ് നടത്തിയ സർവ്വേയിൽ കണ്ടെടുത്തിട്ടുണ്ട്.
ലക്ഷഗൃഹത്തിനുള്ളിലെ തുരങ്കം പാണ്ഡവർ രക്ഷപ്പെട്ട തുരങ്കമാണെന്നാണ് കരുതപ്പെടുന്നത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ മുഖീം ഖാനും കൃഷ്ണദത്ത് മഹാരാജും അന്തരിച്ചു. എന്നിരുന്നാലും കേസ് തുടർന്നുവന്നു. ഈ കേസിലാണ് ഇപ്പോൾ തീരുമാനം വന്നിരിക്കുന്നത്. എഎസ്ഐ റിപ്പോർട്ട് ഉദ്ധരിച്ച്, തെളിവുകളും സാക്ഷികളും പരിശോധിച്ച കോടതി തർക്കസ്ഥലം ശവകുടീരം ഉൾപ്പെട്ട ഖബ്രിസ്ഥാനല്ലെന്നും അരക്കില്ലമെന്ന ലക്ഷഗൃഹമാണെന്നും വ്യക്തമാക്കുകയായിരുന്നു.
1970 മുതൽ സിവിൽ കോടതിയിൽ കേസ് നടക്കുന്നുണ്ടെന്ന് ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകൻ രൺവീർ സിംഗ് തോമർ പറയുന്നു. ഈ ഭൂമി ശവകുടീരം സ്ഥിതിചെയ്യുന്ന ഖബ്രിസ്ഥാനാണെന്ന് മുസ്ലീം വിഭാഗം കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ഇത് ലക്ഷഗൃഹമാണെന്നാണ് ഞങ്ങൾ വാദിച്ചതെന്നും തോമർ പറയുന്നു. ഒടുവിൽ വിചാരണയ്ക്ക് ശേഷം ഭൂമി ഖബ്രിസ്ഥാനല്ലെന്ന് കോടതിയും വിധിച്ചിരിക്കുകയാണ്. മഹാഭാരത കാലത്തെ അരക്കില്ലമെന്ന് അറിയപ്പെടുന്ന ലക്ഷഗൃഹമാണെന്ന് വ്യക്തമായിരിക്കുന്നു.
ഇവിടെ ഒരു ഹിന്ദു നിർമിതി ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കുന്ന നിരവധി പ്രാചീന അടയാളങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന നിർമിതികൾ ആക്രമണകാരികൾ നശിപ്പിക്കുകയായിരുന്നു. പുരാതന കാലത്ത് ഇത് ഹിന്ദുക്കളുടെ ഒരു തീർത്ഥാടന കേന്ദ്രം പോലെയായിരുന്നു എന്നും തോർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ലക്ഷഗൃഹ കേസിൽ കോടതിയുടെ അനുകൂല വിധിയിൽ ഹിന്ദു വിഭാഗം സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദുക്കളുടെ വിശ്വാസത്തിൻ്റെ വിജയമാണിതെന്ന് തോമർ പറഞ്ഞു. അതേസമയം വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ നൽകുമെന്ന് മുസ്ലീം വിഭാഗം അറിയിച്ചിട്ടുണ്ട്. അതിനായി ഉടൻ തന്നെ ഒരു അഭിഭാഷകൻ മുഖേന നടപടികൾ ആരംഭിക്കുമെന്നും മുസ്ലിം വിഭാഗം വ്യക്തമാക്കി.