
കൊച്ചി: എക്‌സാലോജിക്- സിഎംആർഎൽ ഇടപാടിൽ എസ്എഫ്‌ഐഒയുടെ പരിശോധന ഇന്നും തുടരും. കെഎസ്‌ഐഡിസിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെയും ഉൾപ്പടെ വിശദീകരണവും എസ്എഫ്‌ഐഒ രേഖപ്പെടുത്തും. വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് നടപടി.
സിഎംആർഎല്ലിന്റെ ആലുവയിലെ ഓഫീസിൽ ഇന്നലെ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. തെളിവു ശേഖരണം ഉൾപ്പടെയാണ് ഏജൻസി നിലവിൽ നടത്തുന്നത്. ആരോപണ വിധേയരുടെ പക്ഷം കൂടി കേട്ടതിനു ശേഷമായിരിക്കും എസ്എഫ്‌ഐഒ വിശദ അന്വേഷണത്തിലേക്ക് കടക്കുക.
എസ്എഫഐഒ ഡപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇന്നലെ പരിശോധന നടത്തിയത്. ജനുവരി 31നാണ് എക്സാലോജിക്കിനെതിരായ അന്വേഷണം എസ്എഫ്ഐഒയ്ക്ക് വിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എക്സാലോജിക്, സിഎംആർഎൽ, സിഎംആർഎല്ലിൽ ഓഹരി പങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് അന്വേഷണം.