“തിരുപ്പതിയിലേക്കും സുവര്‍ണ ക്ഷേത്രത്തിലേക്കും നോക്കൂ, എത്ര ഭംഗിയായാണ് നിയന്ത്രിക്കുന്നത്”; ശബരിമല വിഷയത്തില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരുപ്പതിയിലും വൈഷ്‌ണോ ദേവീ ക്ഷേത്രത്തിലും തിരക്ക് നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് നോക്കണമെന്ന് സുപ്രീംകോടതി.

ഗുരുദ്വാരകള്‍ സന്ദര്‍ശിക്കൂ. സുവര്‍ണ ക്ഷേത്രത്തിലും മറ്റും എത്ര ഭംഗിയായാണ് തീര്‍ത്ഥാടകരുടെ തിരക്കു നിയന്ത്രിക്കുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

ഗുരുദ്വാരകളിലെ ശുചിത്വം ഉള്‍പ്പെടെ ശ്രദ്ധിക്കണം. സുവര്‍ണ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ലഭിക്കുന്ന വൈബ് ശബരിമലയിലെ ഭക്തര്‍ക്ക് ക്രമീകരണങ്ങള്‍ ഒരുക്കുന്നവര്‍ കാണണമെന്നും കോടതി അഭിപ്രായപ്പെട്ടു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിരീക്ഷണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥ് എന്നിവടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ രൂപവത്കരിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി കെ കെ രമേശ് ആണ് സുപ്രീംകോടതി സമീപിച്ചത്. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തുന്ന സൗകര്യം ശബരിമല തീര്‍ത്ഥാടകര്‍ക്കും ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കണം.

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് ഉള്ളതു പോലെ ശബരിമലയിലും തീര്‍ത്ഥാടകര്‍ക്ക് മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം, തിരക്ക് ഒഴിവാക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

ശബരിമലയിൽ ദർശനത്തിനു നിർബന്ധിത റജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിഷയം കേരള ഹൈക്കോടതിയിൽ ഉന്നയിക്കാൻ കോടതി ഹർജിക്കാരന് നിർദ്ദേശം നൽകി. കേരള ഹൈക്കോടതിയിൽ ദേവസ്വം ബെഞ്ച് തന്നെയുണ്ട്. ശബരിമലയിലെ സാഹചര്യങ്ങളെക്കുറിച്ചും ഭക്തരുടെ വികാരങ്ങളെക്കുറിച്ചും ഹൈക്കോടതിക്കു നല്ല ബോധ്യമുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് പറ‍ഞ്ഞു.

കാര്യങ്ങൾ പഠിച്ചു വേണം ഇത്തരം ഹർജികൾ നൽകാൻ എന്നും കോടതി അഭിപ്രായപ്പെട്ടു. ഇന്റര്‍നെറ്റില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പൊതു താത്പര്യ ഹര്‍ജി ഫയല്‍ചെയ്യുന്നതിനെയും കോടതി വിമര്‍ശിച്ചു. കളിയുടെ രണ്ടാം ഇന്നിങ്സ് ആദ്യമേ കളിച്ചേക്കാമെന്നു കരുതരുതെന്നും ഹർജിക്കാരന് കോടതി താക്കീത് നൽകി. ഇതേത്തുടർന്ന് പരാതിക്കാരൻ ഹർജി പിൻവലിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments