
മലയാള സിനിമയിൽ നിന്ന് തന്നെ വിലക്കിയെന്ന ആരോപണവുമായി സംവിധായികയും നടിയുമായ സൗമ്യ സദാനന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹേമ കമ്മിറ്റിക്ക് മുന്നിൽ താൻ വെളുപ്പെടുത്തിയ കാര്യങ്ങൾ സൗമ്യ പുറത്തു വിട്ടത്.
എന്റെ പുഞ്ചിരി തിരിച്ച് തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് സൗമ്യയുടെ പോസ്റ്റ് ആരംഭിക്കുന്നത്. സിനിമയിൽ തന്നെ വിലക്കിയെന്ന ആരോപണമാണ് പ്രധാനമായി സംവിധായിക മുന്നോട്ട് വെക്കുന്നത്.
നടിക്ക് കാശ് വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ട ശക്തിയെ താൻ ചോദ്യം ചെയ്‌തെന്നും അതാണ് ചലച്ചിത്ര മേഖലയിൽ നിന്ന് തന്നെ വിലക്കാനുള്ള പ്രധാന കാരണമെന്നും സൗമ്യ പറയുന്നു.
ഈ വെളിപ്പെടുത്തൽ താൻ ഹേമ കമ്മിറ്റിക്ക് മുന്നിൽ നടത്തിയിട്ടുണ്ടെന്നും മംഗല്യം തന്തുനാനേന എന്ന സിനിമക്ക് ശേഷം തനിക്ക് മറ്റൊരു സിനിമയും ലഭിക്കാത്ത സാഹചര്യം ഉണ്ടായെന്നും അവർ കൂട്ടിച്ചേർത്തു.
സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ടെന്ന് സൗമ്യ പറയുന്നു. മംഗല്യം തന്തുനാനേന എന്ന സിനിമയുടെ എഡിറ്റിങ്, സിനിമയിലെ പ്രധാന നടനും സഹ നിർമാതാവും ചേർന്നാണ് ചെയ്തതെന്നും താനൊരു ആർട്ട് സിനിമയാണ് ഒരുക്കുന്നതെന്ന് കരുതിയ അവർക്ക് ഒരു കൊമേഴ്ഷ്യൽ സിനിമയാണ് വേണ്ടിയിരുന്നതെന്നും സൗമ്യ പോസ്റ്റിൽ പറയുന്നു.
പുതിയ പ്രൊജക്ടുകൾക്കായി വനിതാ നിർമാതാക്കളെ കണ്ടെങ്കിലും ഒന്നും നടന്നില്ലെന്നും സിനിമയിൽ പവർ ഗ്രൂപ്പും, സ്വജനപക്ഷപാതമുണ്ടെന്നും അവർ ആരോപിച്ചു. 2020ൽ താൻ സിനിമ വിട്ടെന്നും എന്നാൽ അത് മനഃപൂർവമല്ലെന്നും പറയുന്ന സൗമ്യ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഓരോ സംഭവങ്ങളും സത്യമാണെന്നും പറയുന്നുണ്ട്.
കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു മംഗല്യം തന്തു നാനേന. ഒരേ മുഖം, മിലി തുടങ്ങിയ ചില സിനിമകളിൽ പ്രധാന കഥാപാത്രമായും സൗമ്യ സദാനന്ദൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.