കൊച്ചി : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കുരുക്ക് മുറുകുന്നു. ആലുവയിലെ സി.എം.ആർ.എൽ ആസ്ഥാനത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ സംഘത്തിന്റെ മിന്നൽ പരിശോധന. അന്വേഷണം പ്രഖ്യാപിച്ച് അഞ്ചാം ദിവസമാണ് സി.എം.ആർ.എൽ ആസ്ഥാനത്ത് അന്വേഷണസംഘം എത്തിയത്. എസ്. എഫ്.ഐ.ഒ അഡീഷണൽ ഡയറക്ടർ പ്രസാദ് അടല്ലിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.ഡെപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്.
9 മണിക്ക് ആരംഭിച്ച പരിശോധന പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് 1.72 കോടി രൂപമാസപടിയായി നൽകി എന്ന പരാതിയിലാണ് എസ്.എഫ്.ഐ.ഒ അന്വേഷണം ആരംഭിച്ചത്. എക്സാലോജിക് സൊല്യൂഷൻസ് ക്രമക്കേട് നടത്തിയെന്ന രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ പ്രാഥമിക റിപ്പോർട്ടിന്മേലാണ് കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ ഇടപെടൽ. കെ.എസ്.ഐ.ഡി.സിയും സി.എം.ആര്‍.എല്ലും അന്വേഷണ പരിധിയിൽ ഉണ്ട്. നാലുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം.