ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏക വ്യക്തി നിയമം നടപ്പാക്കാനുള്ള ബില്ല് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഇതിനുള്ള കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
യു.സി.സി.ക്കായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രഞ്ജന ദേശായ് അധ്യക്ഷയായ അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചാണ് കരട് ബില്ല് തയാറാക്കിയത്. വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്ത് അവകാശം, ജീവനാംശം, ദത്ത് എന്നിവയില്‍ മതവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരേ നിയമങ്ങള്‍ ബാധകമാകും.
മുത്തലാഖ് കുറ്റകരമാക്കണമെന്നും ബഹുഭാര്യത്വം നിരോധിക്കാനും കരട് ശിപാര്‍ശ ചെയ്യുന്നു. ഇതോടെ സ്വതന്ത്ര ഇന്ത്യയില്‍ ഏക വ്യക്തി നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. 2022ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു ഏക വ്യക്തി നിയമം.
ഏക വ്യക്തി നിയമം ഉത്തരാഖണ്ഡ് പാസാക്കിയാല്‍ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളും പാസാക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയാണെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മൂന്ന് സംസ്ഥാനങ്ങളില്‍ സിവില്‍ കോഡ് നടപ്പാക്കും.