KeralaPolitics

കെ.ബി. ഗണേഷ് കുമാറിന് 20 പേഴ്‌സണല്‍ സ്റ്റാഫ്; ഒരു സുവോളജി അധ്യാപകനും മന്ത്രിക്കൊപ്പം

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്കുമാർ സുവോളജി പഠിക്കാൻ തീരുമാനിച്ചോ എന്നാണ് ഇപ്പോൾ പലർക്കും സംശയം. പേഴ്സണൽ സ്റ്റാഫിൽ ഹയർ സെക്കന്ററിയിലെ സുവോളജി അദ്ധ്യാപകനെ ഗണേഷ് നിയമിച്ചതാണ് സംശയത്തിന് കാരണം.

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി റാങ്കിലാണ് കൊല്ലം വയല ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്ക്കൂളിലെ സുവോളജി അധ്യാപകനായ ആർ. രഞ്ജിതിനെ നിയമിച്ചത്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് പൊതുഭരണ വകുപ്പിൽ നിന്ന് ഈ മാസം 3 ന് ഉത്തരവും ഇറങ്ങി.

പേഴ്സണൽ സ്റ്റാഫംഗങ്ങളെ പരമാവധി കുറയ്ക്കുമെന്ന് പറഞ്ഞ ​ഗണേഷ് 20 പേരെയാണ് നിയമിച്ചിരിക്കുന്നത്. 25 പേഴ്സണൽ സ്റ്റാഫുകളെ മന്ത്രിമാർക്ക് നിയമിക്കാം. 5 പേരെ കൂടി ഗണേഷ് ഉടൻ നിയമിക്കും എന്നാണ് വിവരം. മന്ത്രിയായി ചാർജെടുക്കുമ്പോഴാണ് പേഴ്സണൽ സ്റ്റാഫിൻ്റെ എണ്ണം കുറയ്ക്കും എന്ന് ​ഗണേഷ് കുമാർ പറഞ്ഞത്.

അതേ മന്ത്രി തന്നെ കുട്ടികളെ പഠിപ്പിക്കേണ്ട അധ്യാപകനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി എന്നതാണ് വിരോധാഭാസം. സുവോളജിയിൽ സെലക്ഷൻ ഗ്രേഡ് അധ്യാപകനാണ് ആർ. രഞ്ജിത്. പരിചയസമ്പന്നനായ അധ്യാപകൻ എന്ന് വ്യക്തം.

സ്കൂളുകളിൽ അധ്യാപകരുടെ കുറവിനെ പറ്റി വിലപിക്കുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാകട്ടെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. കൊടിയേരി ബാലകൃഷ്ണൻ്റെ പി.എ ആയിരുന്ന എ.പി രാജീവനേയും ഗണേശ് പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തസ്തികയിലാണ് നിയമിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *