National

ചോദ്യപേപ്പർ ചോർച്ച തടയാൻ നിയമം; 10 വർഷം തടവ്, ഒരു കോടി പിഴ

ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയാൻ നിയമം വരുന്നു. ഇതുസംബന്ധിച്ച ബിൽ ഇന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും. മത്സരപരീക്ഷകളിലെ ക്രമക്കേടിന് 10 വർഷം വരെ തടവും ഒരു കോടി വരെ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലാണ് ബിൽ എന്നാണ് റിപ്പോർട്ട്. ചോദ്യപേപ്പർ ചോർത്തൽ അടക്കം 20 കുറ്റങ്ങളാണ് ബില്ലിലുള്ളത്. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ബിൽ ആണ് ലോക്സഭയിൽ അവതരിപ്പിക്കുക.

പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ബിൽ 2024 എന്ന ബില്ലാണ് കേന്ദ്രം അവതരിപ്പിക്കുന്നത്. കേന്ദ്ര ബജറ്റിനു മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മു‍ർമു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഇതു സംബന്ധിച്ച സൂചന നൽകിയിരുന്നു. പരീക്ഷകളിൽ ഉണ്ടാകുന്ന ക്രമക്കേടുകളിൽ യുവത നേരിടുന്ന ആശങ്ക തൻ്റെ സർക്കാരിന്റെ ശ്രദ്ധയിൽ ഉണ്ടെന്നും ഇത്തരം ക്രമക്കേടുകൾ തടയാൻ നിയമം കൊണ്ടുവരാൻ തീരുമാനിച്ചുവെന്നുമായിരുന്നു രാഷ്ട്രപതി പറഞ്ഞത്.

കേന്ദ്രസർക്കാർ നടത്തുന്ന യുപിഎസ്‍സി (യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ), എസ്എസ്‍സി (സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ), റെയിൽവേ, ബാങ്ക് റിക്രൂട്ട്മെൻ്റ് തുടങ്ങിയ പൊതുപരീക്ഷകളും നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്), ജെഇഇ (ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ), സിയുഇടി (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) തുടങ്ങിയ എൻട്രൻസ് പരീക്ഷകളും ബില്ലിൻ്റെ പരിധിയിൽ വരുമെന്നാണ് വിവരം. കൂടാതെ, നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന എല്ലാ കംപ്യൂട്ട‍ർ ബേസ്ഡ് പരീക്ഷകളും ബില്ലിൻ്റെ പരിധിയിൽ വരുമെന്നാണ് റിപ്പോ‍ർട്ട്. കുറ്റകൃത്യം സംബന്ധിച്ചു പരാതി ഉയ‍ർന്നാൽ ഡിവൈഎസ്പി അല്ലെങ്കിൽ അസിസ്റ്റൻ്റ് കമ്മീഷണ‍ർ ഓഫ് പോലീസ് എന്നീ റാങ്കിലുള്ള ഉദ്യോഗസ്ഥരാകും അന്വേഷണം നടത്തുക. കൂടാതെ, അന്വേഷണം മറ്റ് ഏജൻസികൾക്കു നൽകാനും കേന്ദ്രത്തിനു അധികാരമുണ്ടായിരിക്കും.

ചോദ്യപേപ്പ‍ർ ചോർച്ചയെ തുടർന്ന് പൊതുപരീക്ഷകൾ മുഴുവനായും റദ്ദാക്കേണ്ട സാഹചര്യം വരെ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ പരീക്ഷയ്ക്കായി പഠിച്ചു കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാ‍ഥികളെയാണ് ബാധിക്കുന്നത്. ഇതിന് തടയിടാനാണ് കേന്ദ്രസ‍ർക്കാ‍ർ നീക്കം. രാജസ്ഥാൻ, ഗുജറാത്ത്, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപക ക്രമക്കേടുകൾ റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്.

ശിക്ഷ ഇങ്ങനെ

മൂന്നു മുതൽ അഞ്ചു വ‍ർഷം വരെ തടവുശിക്ഷയും 10 ലക്ഷം രൂപ പിഴയും

സംഘടിത കുറ്റകൃത്യങ്ങളിൽ ഏ‍ർപ്പെടുന്നവർക്ക് 10 വർഷം തടവും ഒരു കോടി രൂപ പിഴയും.

ബില്ലിൻ്റെ പരിധിയിൽ വരുന്ന കുറ്റങ്ങളിൽ ചിലത്

ചോദ്യപേപ്പർ ചോർച്ച

ആൾമാറാട്ടം

ഉത്തരക്കടലാസിൽ നടത്തുന്ന കൃത്രിമം

മെറിറ്റ് ലിസ്റ്റിൽ കയറിപ്പറ്റാൻ രേഖകളിൽ നടത്തുന്ന കൃത്രിമം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x