
- 2027 ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ ക്യാപ്റ്റനെന്ന പദ്ധതിയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് ഉള്ളത്.
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ ടീമിന്റെ വിജയത്തെക്കുറിച്ചുള്ള ചർച്ചകൾക്കൊപ്പം തന്നെ ഉയർന്നുവരുന്ന മറ്റൊന്നാണ് നായകൻ രോഹിത് ശർമയുടെ ഭാവിയെക്കുറിച്ചും. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനോട് ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുന്ന മറുപടിയായിരുന്നു അദ്ദേഹത്തിന്റേത്.
2027 ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ ക്യാപ്റ്റനെന്ന പദ്ധതിയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് ഉള്ളത്. ചീഫ് സെലക്ടർ അജിത് അഗാർക്കറും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്നാൽ മാർച്ച് ഒമ്പതിന് നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലാന്റിനെ തോൽപ്പിച്ച് കിരീടം നേടിയാൽ തൽക്കാലത്തേക്കെങ്കിലും രോഹിത് ശർമയെ നിലനിർത്താൻ സമ്മർദ്ദമുണ്ടാകും. തോൽവിയാണെങ്കിൽ രോഹിതിന്റെ ടീമിലെ സ്ഥാനംപോലും അപകടത്തിലാകും.
ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമുള്ള രോഹിതിന്റെ നിലപാടിന് ബിസിസിഐ കാത്തിരിക്കുന്നുണ്ട്. 2019 ലോകകപ്പിന് രണ്ടുവർഷം മുമ്പാണ് എം.എസ്. ധോണി ക്യാപ്റ്റൻ സാഥനം ഒഴിഞ്ഞതും വിരാട് കോലി ആ സ്ഥാനത്തെത്തിയതും. 2021 ൽ കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതും ഇതേരീതിയിലാണ്.
2023 ലോകകപ്പ് ലക്ഷ്യമിട്ടാണ് രോഹിതിനെ കോലിയുടെ പിൻഗാമിയായി കൊണ്ടുവന്നതും ഇത്തരമൊരു രീതി തുടരാനാണ് ബിസിസിഐക്ക് താൽപര്യം.
അതേസമയം, ട്വന്റി 20 ലോകകപ്പ് നേടിയതും ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തിയതും രോഹിതിന്റെ നായകമികവിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ട്വന്റി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ച രോഹിതിന് ടെസ്റ്റ് ടീമിൽ ഇനി അവസരം ലഭിക്കാനും സാധ്യതയില്ല. 37കാരനായ താരം ഏകദിന ടീമിൽ മാത്രമാണ് നിലനിൽക്കുന്നത്.