തിരുവനന്തപുരം : ബജറ്റ് പ്രസംഗത്തിൻ്റെ മിനുക്ക് പണിയിൽ ധനമന്ത്രി ബാലഗോപാൽ. രാത്രി മുഖ്യമന്ത്രിയെ കണ്ട് അവസാന ഘട്ട ചർച്ചയ്ക്ക് ശേഷം ബജറ്റ് പ്രസംഗം പ്രിൻ്റ് ചെയ്യാൻ കൊടുക്കും. അത്യന്തം രഹസ്യ സ്വഭാവമുള്ള ബജറ്റ് പ്രസംഗം പുലർച്ചെ 3 ന് പ്രിൻ്റ് ചെയ്യാൻ സർക്കാർ പ്രസിൽ എത്തും.
ബജറ്റ് പ്രസംഗം തയ്യാറാക്കാൻ പ്രത്യേക ടീം ഉണ്ട്. അവരോടും പോലും ചർച്ച ചെയ്യാതെ ആയിരിക്കും സുപ്രധാന കാര്യങ്ങൾ ധനമന്ത്രി ബജറ്റിൽ കുറിക്കുക. ഇതിനു വേണ്ടി നാലോ അഞ്ചോ ഖണ്ഡികകൾ ഒഴിച്ചിടും. ഇത്തവണ 4 ഖണ്ഡികകൾ ഒഴിച്ചിട്ടും എന്നാണ് ലഭിക്കുന്ന സൂചന. ക്ഷേമ പെൻഷൻ വർധനവ് , ഡി.എ കുടിശിക , ശമ്പള പരിഷ്കരണ കമ്മീഷൻ, പെൻഷൻ പ്രായം ഏകീകരിക്കൽ എന്നിവ ഒഴിച്ചിട്ട ഖണ്ഡികകളിൽ ഇടം പിടിക്കും എന്ന് ശ്രുതിയുണ്ട്.
55 ൽ നിന്ന് 56 ആയി പെൻഷൻ പ്രായം ഏകീകരിക്കാൻ തോമസ് ഐസക്ക് ബജറ്റിൽ എഴുതി ചേർത്തത് പുലർച്ചെ 2 മണിക്കായിരുന്നു. പെട്രോൾ, ഡീസൽ ലിറ്ററിന് 2 രൂപ ചുമത്താനുള്ള വിവാദ നിർദേശം കഴിഞ്ഞ ബജറ്റിൽ ബാലഗോപാൽ എഴുതി ചേർത്തത് പുലർച്ചെ 1 മണിക്കായിരുന്നു. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള പ്രധാന നിർദ്ദേശങ്ങളും ജനപ്രീയ കാര്യങ്ങളും ധനമന്ത്രി ബജറ്റ് വായിക്കുമ്പോൾ മാത്രമായിരിക്കും ബജറ്റ് പ്രസംഗം തയ്യാറാക്കുന്നവർ പോലും അറിയുക.
2021-22 ലെ പുതുക്കിയ ബജറ്റ് കൂടാതെ മൂന്നാമത്തെ ബജറ്റ് പ്രസംഗത്തിന് തയ്യാറെടുക്കുമ്പോൾ ബാലഗോപാലിന് മുന്നിലുള്ള വെല്ലുവിളി തെരഞ്ഞെടുപ്പ് വർഷം എന്നത് തന്നെ. ലോക സഭയിലെ കഴിഞ്ഞ തവണത്തെ ഏക കനൽ തരി എന്ന നില മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ ബജറ്റിൽ കാണും എന്ന പ്രതീക്ഷയാണ് ഭരണകക്ഷിയിൽ പെട്ടവർ പുലർത്തുന്നത്.