അക്കൗണ്ടിൽ പണമെത്തി! എവിടെ നിന്നെന്ന് അറിയാതെ അമ്പരന്ന് ജനം; കൂടുതലും ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക്

യു.പി.ഐ ഇടപാടുകൾക്ക് അധികമായി ഈടാക്കിയ ചാർജുകൾ അക്കൗണ്ട് ഉടമകൾക്ക് തിരിച്ചു നൽകി പ്രമുഖ ബാങ്കുകൾ. അപ്രതീക്ഷിതമായി അക്കൗണ്ടിൽ പണം എത്തിയതോടെ ഉറവിടമറിയാതെ ഇടപാടുകാർ അമ്പരപ്പിലുമായി. ജനുവരി 31 മുതലാണ് അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയതായി ഉടമകൾക്ക് മെസേജ് ലഭിക്കുന്നത്. എന്നാൽ എവിടെ നിന്നാണ് പണം വന്നതെന്ന് മെസേജിൽ വ്യക്തമല്ലാത്തതോടെ പലരും അന്വേഷണമാരംഭിച്ചു. ബാങ്കുകളിലേക്ക് നിരവധി വിളികൾ എത്തിയതോടെയാണ് ജീവനക്കാർ പോലും ഇതറിഞ്ഞത്.

യു.പി.ഐ ഇടപാടുകൾക്ക് അധികമായി ഈടാക്കിയ ചാർജുകളാണ് ഇത്തരത്തിൽ അക്കൗണ്ടുടമകൾക്ക് തിരിച്ചു നൽകിയതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ഓരോ ത്രൈമസത്തിലും ഇടപാടുകളുടെ എണ്ണം നിശ്ചിത പരിധി കഴിഞ്ഞാൽ ബാങ്കുകൾ ഫീസ് ഈടാക്കാറുണ്ട്. യു.പി.ഐ ഇടപാടുകളെയും ബാങ്ക് ഇടപാടുകളായി പരിഗണിച്ച് ഇത്തരത്തിൽ ഫീസ് ഈടാക്കിയിരുന്നു. എന്നാൽ യു.പി.ഐ വഴി നടത്തുന്ന പേയ്‌മെന്റുകളെ ബാങ്ക് ഇടപാടായി കണക്കാക്കരുതെന്ന് റിസർവ് ബാങ്കിന്റെ നിർദേശമുണ്ടായിരുന്നു. ഇതനുസരിച്ച് പല ബാങ്കുകളും ഉപയോക്താക്കൾക്ക് പണം തിരിച്ചു നൽകുകയായിരുന്നത്.

ചെറിയ തുക മുതൽ ആയിരങ്ങൾ വരെ ഇത്തരത്തിൽ ലഭിച്ച അക്കൗണ്ടുടമകളുണ്ട്. മാസത്തിന്റെ അവസാന ദിവസം അപ്രതീക്ഷിതമായി വലിയ തുക വന്നതോടെ പലവിധ ഊഹാപോഹങ്ങളും പ്രചരിക്കുകയും ചെയ്തു. ബജറ്റിന് മുമ്പ് നരേന്ദ്രമോദി ജനങ്ങൾക്ക് നൽകിയ സമ്മാനമെന്ന് വരെ പ്രചരിപ്പിച്ചിരുന്നു. ഫെഡറൽ ബാങ്കാണ് നിലവിൽ പണം തിരിച്ചു നൽകിയത്. വരും ദിവസങ്ങളിൽ ബാക്കി ബാങ്കുകളും നൽകി തുടങ്ങിയേക്കുമെന്നാണ് അറിയുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments