ഉത്തരാഖണ്ഡ് : ഏകീകൃത സിവിൽ കോഡ് നിയമം നടപ്പിലാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ . ഇതിന് വേണ്ടി നിയമത്തെക്കുറിച്ച് വിശദമായി പഠിക്കാൻ നിയോഗിച്ച സമിതി സർക്കാർ മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ നിയമവുമായി ബന്ധപ്പെട്ട കരട് ബിൽ സർക്കാർ ഉടൻ സഭയിൽ അവതരിപ്പിക്കും.

മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയ്ക്കാണ് സമിതി റിപ്പോർട്ട് കൈമാറിയത്. രാവിലെ 11 മണിയോടെ സമിതി അംഗങ്ങൾ അദ്ദേഹത്തിന്റെ വസതയിൽ എത്തി റിപ്പോർട്ട് കൈമാറുകയായിരുന്നു. വിരമിച്ച സുപ്രീംകോടതി ജഡ്ജി രജ്ഞൻ പ്രകാശ് ദേശായി ആണ് സമിതി അദ്ധ്യക്ഷൻ. റിപ്പോർട്ട് കൈമാറുന്നത് കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ വസതിയിൽ പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.

തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് നിയമസഭ സമ്മേളിക്കുന്നുണ്ട്. ഈ വേളയിൽ നിയമവുമായി ബന്ധപ്പെട്ട് കരട് സമർപ്പിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ശനിയാഴ്ച മന്ത്രി സഭ യോഗം ചേരുന്നുണ്ട്. ഇതിൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യും. ചൊവ്വാഴ്ച തന്നെ കരട് ബിൽ സഭയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. കരടും, ബില്ലും സഭ പാസാക്കിയാൽ ഏകീകൃത സിവിൽ നിയമം കൊണ്ടുവരുന്ന ആദ്യത്തെ സംസ്ഥാനം ആകും ഉത്തരാഖണ്ഡ്.