തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനുവരിയില്‍ മാത്രം കസ്റ്റംസ് അധികൃതര്‍ പിടികൂടിയത് 8.815 കിലോ ഗ്രാം സ്വര്‍ണത്തിന്റെ കള്ളക്കടത്ത്. ഇതിനു വിപണിയില്‍ 5.16 കോടി രൂപ വില വരുന്നതായി കസ്റ്റംസിന്റെ ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.
ഇതോടൊപ്പം ലക്ഷക്കണക്കിന് രൂപ വില വരുന്ന സിഗരറ്റും അധികൃതര്‍ കള്ളക്കടത്ത് സംഘത്തിന്റെ കൈയ്യില്‍ നിന്നും പിടികൂടുകയുണ്ടായി.
സ്വര്‍ണം കടത്താന്‍ ശ്രമിച്ച 13 കേസുകളിലായിട്ടാണ് 5.16 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തത്. ഇതില്‍ കൂടുതലും ദ്രവരൂപത്തിലാക്കിയ സ്വര്‍ണ മിശ്രിതം ക്യാപ്സൂളുകളിലാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കൂടാതെ ബിസ്‌ക്കറ്റുകളുടെ രൂപത്തില്‍ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തിരുന്നു.
ചില കേസുകളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വ്യക്തികള്‍ ദ്രവരൂപത്തിലാക്കിയ സ്വര്‍ണം സാധനങ്ങള്‍ കൊണ്ടുവന്ന കാര്‍ട്ടണുകളുടെ വിവിധ ലയറുകളില്‍ ഒട്ടിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഷ്യൂസിനുള്ളില്‍ ഒളിപ്പിച്ച നിലയിലും സ്വര്‍ണം കണ്ടെത്തിയിരുന്നു. സിനിമയെ വെല്ലുന്ന തിരക്കഥയില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം അതിവിദഗ്ധമായാണ് കസ്റ്റംസ് പിടികൂടിയത്.
ഇന്റര്‍നാഷണല്‍ സെക്ടറില്‍ മസ്‌കറ്റില്‍ നിന്നും ബാംഗ്ലൂര്‍ വരെയുളള വിമാനത്തില്‍ എത്തി സ്വര്‍ണം കടത്തികൊണ്ട് വരുന്നയാള്‍ വിമാനത്തിന്റെ 10-ാം നമ്പര്‍ സീറ്റിനടിയില്‍ സ്വര്‍ണം ഒളിപ്പിച്ച ശേഷം വിമാനത്താവളത്തിന് പുറത്തേയ്ക്ക് പോകും.
അവിടെ നിന്ന് ഇതേ വിമാനം മണിയ്ക്കൂറുകള്‍ക്കുള്ളില്‍ ഡൊമസ്റ്റിക്കായി തിരുവനന്തപുരത്തേക്ക് വരികയും മുന്‍ നിശ്ചയിച്ച പ്രകാരം മസ്‌കറ്റില്‍ നിന്നും സ്വര്‍ണം കൊണ്ടു വന്നയാളിന്റെ നോമിനി ദൗത്യം ഏറ്റെടുത്ത് അതേ സീറ്റില്‍ ഇരിപ്പിടം ഉറപ്പിക്കുകയും ചെയ്യുന്നു. ഇതുപോലുള്ള മൂന്ന് കേസുകളാണ് ജനുവരിയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയത്.
സ്വര്‍ണക്കടത്തിനു പുറമേ 10 സിഗരറ്റ് കള്ളക്കടത്തും ജനുവരിയില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഏറെയും ഗോള്‍ഡ് ഫ്ലാക്ക് ബ്രാന്‍ഡിലുള്ള സിഗരറ്റുകളായിരുന്നു. 1,62,832 സിഗരറ്റിന്റെ പീസുകളാണ് അധികൃതര്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത സിഗരറ്റിന് 25.74 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.